സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'കാപ്പാന്റെ' പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20 ആണ് പുതുക്കിയ തീയ്യതി. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ഈ ദിവസം ചിത്രമെത്തും. നേരത്തേ ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി റിലീസ് ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്. പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ഓഗസ്റ്റ് 30ന് എത്തുന്നതിനാലാണ് 'കാപ്പാന്‍' റിലീസ് നീട്ടിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക വിവരം.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'.