'അന്നുമുതൽ ഒരു ഗുരുവിനെപോലെ അദ്ദേഹം മനസ്സിലുണ്ട്. ഇന്ന് ആദ്യമായി ഒരു സെലിബ്രിറ്റിയുടെ മുഖത്തു ക്യാമറ വെച്ചത് അതേ അജുച്ചേട്ടന്‍റെ മുഖത്തും..'
ലോക്ക് ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട യുട്യൂബ് ചാനലുകളിലൊന്ന് കാര്‍ത്തിക് ശങ്കര്‍ എന്ന ചെറുപ്പക്കാരന്‍റേതാണ്. നിലവില്‍ എട്ടു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്‍സ് ഉള്ള കാര്‍ത്തിക്കിന്‍റെ യുട്യൂബ് ചാനലില്‍ 'മോം ആന്‍ഡ് സണി'ന്‍റെ പുതിയ ഭാഗങ്ങള്‍ കാത്തിരിക്കാന്‍ വലിയ വിഭാഗം പ്രേക്ഷകരുണ്ടായി. പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസുകളോടെയാണ് സിരീസിന്‍റെ ഒന്‍പതാം ഭാഗം ഇന്ന് എത്തിയത്. നിര്‍മ്മിച്ചിരിക്കുന്നത് അജു വര്‍ഗിസും ധ്യാന്‍ ശ്രീനിവാസനും ഒപ്പം വിശാഖ് സുബ്രഹ്മണ്യവുമുള്ള ഫണ്‍ടാസ്റ്റിക് ഫിലിംസ്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് മോഹന്‍ലാലും പൃഥ്വിരാജും പ്രണവ് മോഹന്‍ലാലും അടക്കമുള്ളവര്‍. കൂടാത്തതിന് അജു വര്‍ഗീസ് അതിഥി താരമായി എത്തിയിട്ടുമുണ്ട് പുതിയ എപ്പിസോഡില്‍. അജുവിനോട് തനിക്കുള്ള കടപ്പാടിനെക്കുറിച്ചും എത്തിച്ചേര്‍ന്നിരിക്കുന്ന വഴിത്തിരിവിനെക്കുറിച്ചും പറയുകയാണ് കാര്‍ത്തിക് ശങ്കര്‍.
കാര്‍ത്തിക് ശങ്കറിന്‍റെ കുറിപ്പ്
അമ്മയും മകനും പാർട്ട് 9 എനിക്ക് ഒരു inspiration ആണ്. ഒപ്പം ഒരുപാട് പ്രത്യേകതകളും പ്രതീക്ഷകളും. കാരണം ചെറുപ്പം മുതലേ സ്വപ്നം സിനിമ മാത്രം.. ചെയ്തിരുന്ന ജോലി രാജിവെപ്പിച്ചാണ് അമ്മ എന്നെ ഷോർട്ട് ഫിലിം പിടിക്കാൻ പറഞ്ഞു വിടുന്നത്. അന്നും എന്‍റെ കഴിവിൽ എന്നേക്കാൾ വിശ്വാസം അമ്മയ്ക്കായിരുന്നു. നീണ്ട 8 വർഷങ്ങൾ. സംവിധാനസഹായിയായി നിന്ന ദിവസങ്ങൾ. കോടമ്പാക്കത്തെ കൈപ്പേറിയ സിനിമ ദിനങ്ങൾ. 25 ൽ പരം ഷോർട്ട് ഫിലിമുകൾ, ചെറുതും വലുതുമായി 30ന് മുകളിൽ ചെറു വീഡിയോകൾ. എല്ലാം അത്യാവശ്യം ജനശ്രദ്ധ നേടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അപ്പോഴും സിനിമ എന്ന സ്വപ്നം വിദൂരമായിരുന്നു. പക്ഷെ ഒരിക്കൽ പോലും സിനിമ എന്ന മേഖല വിട്ട് മറ്റൊന്നിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ല. മനുഷ്യരാശിക്ക് ഭീഷണിയായി വന്ന കൊറോണ Lockdown.. അമ്മയും മോനും സീരീസ് തുടങ്ങി. സീരീസ് ആയിട്ടല്ല തുടങ്ങിയതെങ്കിലും എന്‍റെ പ്രേക്ഷകർ നൽകിയ സ്നേഹം.. അത് സീരീസ് ആയിമാറി. അങ്ങനെ ഇരിക്കുമ്പോൾ വിശാഖ് സുബ്രഹ്മണ്യം വിളിക്കുന്നു. ഞാൻ ഗുരുതുല്യനായി കാണുന്ന ഒരാളുടെ മുഖത്ത് ക്യാമറ വെക്കാൻ അവസരം. "അജു വർഗ്ഗീസ്".
ഈ മനുഷ്യനെ മനസ്സിന്‍റെ ഒരു പ്രധാന കോണിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയത് കുറച്ചു വര്‍ഷം മുൻപാണ്. ഇത്രയും ഷോർട്ട് ഫിലിം ചെയ്തിട്ടും സിനിമാമേഖലയിൽ നിന്നും ആകെ വിളിച്ച മൂന്നുപേരിൽ ആദ്യത്തെ മനുഷ്യൻ. "നമ്മുടെ സ്വന്തം സ്വർഗ്ഗം" എന്ന ഷോർട്ട് ഫിലിം ഇറങ്ങിയ ദിവസം ഒരു കോൾ. "മോനെ ഞാൻ അജു വർഗ്ഗീസ് ആണ്. ഷോർട്ട് ഫിലിം കണ്ടു നന്നായിട്ടുണ്ട്." അതിൽ അഭിനയിച്ച മറ്റുള്ളവരെയും അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു. (എത്രപേർ ചെയ്യും. അറിയില്ല.) അന്നുമുതൽ ഒരു ഗുരുവിനെപോലെ അദ്ദേഹം മനസ്സിലുണ്ട്. ഇന്ന് ആദ്യമായി ഒരു സെലിബ്രിറ്റിയുടെ മുഖത്തു ക്യാമറ വെച്ചത് അതേ അജുച്ചേട്ടന്‍റെ മുഖത്തും. എല്ലാം ദൈവാനുഗ്രഹവും നിങ്ങളുടെ പിന്തുണയും ഒപ്പം മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രാർത്ഥനയും അനുഗ്രഹവും!! എന്നെപ്പോലെ പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഒരാൾക്ക് ഇവിടംവരെ എത്താൻകഴിഞ്ഞത് സ്വപ്നതുല്യമാണ്. അതുകൊണ്ട് ഒന്ന് ഉറപ്പിച്ചോ. കളങ്കമില്ലാത്ത അങ്ങ് ആഗ്രഹിക്കുക. ഗുരുത്വം വിട്ടു കളിക്കാതിരിക്കുക. എല്ലാം ആഗ്രഹിക്കുംപോലെ വരും. ഈ അവസരത്തിൽ ഒരാൾക്കുകൂടി നന്ദി പറയണം. എന്നെ വിശാഖിന് നിർദ്ദേശിച്ച അദ്വൈത ശ്രീകാന്ത്!! എന്‍റെ ഒപ്പം നിസ്വാർത്ഥമായി ജോലി ചെയ്ത എല്ലാ കലാകാരന്മാരേയും ഈ അവസരത്തിൽ ഓർക്കുന്നു. എല്ലാം മുരുകൻ തുണൈ...!
