കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിർത്തിവച്ചിരുന്ന സുരേഷ് ഗോപി ചിത്രം 'കാവല്‍' പുനരാരംഭിച്ചു. നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ ഇന്ന് പാലക്കാട് ആരംഭിച്ചു. പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ചിത്രത്തിന് ബാക്കിയുണ്ടെന്നും, കൊവിഡ് പശ്ചാത്തലം കാരണം നീണ്ടുപോവുകയായിരുന്നുവെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു. പാലക്കാടുള്ള ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷം വണ്ടിപെരിയാറിലാണ് ചിത്രത്തിന്‍റെ ബാക്കി ഷൂട്ടിംഗ് നടക്കുക.

'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയ 'കാവല്‍' ടീസറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 
സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് ചിത്രത്തില്‍. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.