കൊവിഡ് പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും വേദിയിലെ മാറ്റം ഇത്തവണ മാത്രമായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

"IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതിൽ ഒരു സംശയവും, ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിൽ. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും."

മേള ഇത്തവണ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ കൊഴുക്കുകയാണ്. തീരുമാനത്തെ എതിര്‍ന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം എംപി ശശി തരൂരും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും തിരുവനന്തപുരത്തേക്കാള്‍ മികച്ച വേദിയില്ലെന്നുമായിരുന്നു ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. പുതിയ തീരുമാനം തിരുവനന്തപുരം എന്ന ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും ഭാവിയില്‍ ഐഎഫ്എഫ്കെ തന്നെ അപ്രസക്തമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നുമായിരുന്നു ശബരീനാഥന്‍റെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ ശബരീനാഥന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും വേദിമാറ്റം ഇത്തവണത്തേക്ക് മാത്രമാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.