നടൻ ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാൻ അൻസിബ ഹസനോട് നിര്‍ദേശിച്ച് പൊലീസ്

ടിനി ടോമിന് എതിരായ പരാതിയില്‍ അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ്. കടവന്ത്ര സ്റ്റേഷനിൽ നാളെ ഹാജരാകാനാണ് നിർദേശം. ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കി.

താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം മോശം കഥകള്‍ സൃഷ്ടിക്കുമായിരുന്നെന്നും താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞു പരത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അന്‍സിബ ഒരു പരാതിയും കൊടുത്തിരുന്നു. ഈ പരാതി പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. അതേസമയം ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ നേരത്തെ പ്രതികരിച്ചിരുന്നു. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ”, ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്