ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും റിലീസ് നേരത്തെയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

പൃഥ്വിരാജിനെ മാസ് പരിവേഷത്തോടെ അവതരിപ്പിക്കുന്ന ചിത്രം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. പിന്നീട് എലോണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്. 

ALSO READ : ഒടിടിയിലേക്ക് 'അയ്യര്‍'; 'സിബിഐ 5' റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.