സഹോദരൻ കൈതപ്രം വിശ്വനാഥന്റെ ഓർമ്മദിനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു.
സഹോദരൻ കൈതപ്രം വിശ്വനാഥന്റെ ഓർമ്മദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. തമ്മിൽ പതിനാല് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു മകന്റെ സ്ഥാനമാണ് വിശ്വന് നൽകിയിരുന്നതെന്നും അവൻ പോയതിന് ശേഷമാണ് താൻ വൈകാരികമായി അനാഥനാവുന്നതെന്നും കൈതപ്രം കുറിപ്പിൽ പറയുന്നു.
"എന്റെ വിശ്വനും ഞാനും തമ്മിൽ 14 വയസ്സിന്റെ വ്യത്യാസമുണ്ട്. അതിനാൽ അവനു ഒരു മകന്റെ സ്ഥാനം ഞാൻ കല്പിച്ചിരുന്നു. സ്‌കൂൾ പഠനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് കൂട്ടി. കുറച്ച് ആദ്യ പാഠങ്ങൾ പറഞ്ഞു കൊടുത്ത് വഴുതയ്ക്കാട് ഗണപതി അമ്പലത്തിൽ ശാന്തിയാക്കി അക്കാദമിയിൽ സംഗീതം പഠിക്കാൻ ചേർത്തു. പിന്നീട് നാട്ടിൽ മാതമംഗലത്തും നീലേശ്വരത്തും സംഗീതാധ്യാപകനായി പ്രവർത്തിച്ചു. ഞാൻ കോഴിക്കോട് മാതൃഭൂമിയിലെത്തിയപ്പോഴാണ് എഴുത്തിന്റെ കൂടെ സംഗീതവും ചെയ്യാൻ തുടങ്ങിയത്. വിശ്വൻ കൂടെ വേണമെന്ന മോഹമായി. നീലേശ്വരം ജോലി രാജി വച്ച് അവൻ എന്റെ കൂടെ സംഗീത സഹായിയായി. സിനിമയിൽ ദേശാടനം മുതൽ ഞങ്ങൾ ഒന്നിച്ചു ചേർന്നു. ഇതു വൈകാരികമല്ലാതെ പച്ച ജീവിത കഥയാണ്. ഇനി വൈകാരികമായി ഞാൻ അനാഥനാവുന്നത് അവൻ പറയാതെ പോയതിനു ശേഷമാണ്." കൈതപ്രം പറയുന്നു.
"ദീപുവിനും വിശ്വപ്പൻ കൂടാതെ വയ്യ. എന്റെ ഭാര്യ അവനു ഏടത്തിയല്ല, ‘അമ്മ തന്നെയായിരുന്നു. ഞാൻ വഴക്ക് പറഞ്ഞാലും അവൾ അവനെ സപ്പോർട്ട് ചെയ്യും. ഞങ്ങൾ ചേർന്ന് ചെയ്ത രണ്ടു ഗാനങ്ങൾ എപ്പോഴും എന്റെ കണ്ണ് നിറയ്ക്കും. “ഇനിയൊരു ജന്മമുണ്ടെങ്കിൽ” എന്ന ഗാനവും “എന്നു വരും നീ” എന്ന സ്നേഹ സംഗീതവും വിശ്വന്റെ ഓർമ്മകൾ വിളിച്ചുണർത്തുന്നവയായിരിക്കും എന്നും. കുട്ടിക്കാലവും, അവന്റെ പഠനകാലവും, തിരുവനന്തപുരം ജീവിതവും, കോഴിക്കോട്ട് താണ്ടിയ സിനിമകാലവും മറന്നിട്ട് ഒരു ദിവസവും ഉണ്ടായിട്ടില്ല. വിശ്വാ നീ പോയിട്ടില്ല, പോവുകയുമില്ല. നമ്മൾ ഇവിടെ ചെയ്തു വച്ച ഗാനങ്ങൾ പൊലിയുകയില്ല. ഗാനങ്ങളിലൂടെ നിന്നെ കേൾക്കാനും കാണാനും എനിക്ക് കഴിയും മോനേ " കൈതപ്രം കൂട്ടിച്ചേർത്തു.



