മെയ്യഴകന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കാര്‍ത്തിയുടെ മറുപടി

വന്‍ വിജയം നേടിയ ചില ചിത്രങ്ങളുടെ സീക്വലുകള്‍ക്കായി പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉണ്ടാവാറുണ്ട്. തമിഴ് സിനിമയുടെ കാര്യമെടുത്താല്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്തരത്തില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രം കൈതി 2 ആണ്. അതെ, കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് 2019 ല്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം. ഈ ചിത്രം എന്ന് വരും എന്നത് തമിഴ് സിനിമാപ്രേമികള്‍ എപ്പോഴും അന്വേഷിക്കാറുള്ള കാര്യമാണ്. ഇപ്പോഴിതാ കാര്‍ത്തി തന്നെ അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.

ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കാര്‍ത്തി പറയുന്നത്. തന്‍റെ പുതിയ ചിത്രം മെയ്യഴകന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. 

അതേസമയം 96 സംവിധായകന്‍ സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മെയ്യഴകനാണ് കാര്‍ത്തിയുടെ അടുത്ത റിലീസ്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് സി പ്രേംകുമാര്‍ കരിയറിലെ രണ്ടാമത്തെ ചിത്രവുമായി അദ്ദേഹം എത്തുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഈ മാസം 27 നാണ് ചിത്രത്തിന്‍റെ റിലീസ്. 

അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. കൂലി എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ALSO READ : ത്രില്ലടിപ്പിക്കാന്‍ സിജു വില്‍സണും ബാലു വര്‍ഗീസും; 'പുഷ്‍പക വിമാനം' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം