തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. നടി തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗൗതം കിച്ച്‍ലു ആണ് വരൻ. ബിസിനസ്‍മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗതം കിച്ച്‍ലു. 30ന് ആണ് വിവാഹം. മുംബൈയിലായിരിക്കും വിവാഹം നടക്കുകയെന്നും നടി അറിയിച്ചു.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹത്തിന് ഉണ്ടാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ മാത്രമേ വിവാഹം നടത്താനാകു. മഹാമാരി കരിനിഴല്‍ വീഴ്‍ത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. എല്ലാവരും നല്‍കുന്ന പിന്തുണയ്‍ക്ക് നന്ദി പറയുന്നതായും കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. 2004ല്‍ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.