തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടി കാജര്‍ അഗര്‍വാള്‍ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം അടുത്തിടെയാണ് വ്യക്തമാക്കിയത്. വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഗൗതം കിച്‍ലുവിന്റെ ഫോട്ടോയ്‍ക്ക് കാജല്‍ എഴുതിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഗൗതം കിറ്റ്‍ച്‍ലു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കാജലിന്റെ കമന്റിന് സഹോദരി നിഷ അഗര്‍വാളും സ്‍നേഹം രേഖപ്പെടുത്തി.

കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തത്. ഇതില്‍ തന്നെ ഒരു ഡിസൈൻ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്. നടിയുടെ കമന്റ് ആരാധകരും ഏറ്റെടുത്തു. 30ന് ആണ് വിവാഹം. മുംബൈയിലായിരിക്കും വിവാഹം നടക്കുകയെന്നും നടി അറിയിച്ചു.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹത്തിന് ഉണ്ടാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ മാത്രമേ വിവാഹം നടത്താനാകു. മഹാമാരി കരിനിഴല്‍ വീഴ്‍ത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. എല്ലാവരും നല്‍കുന്ന പിന്തുണയ്‍ക്ക് നന്ദി പറയുന്നതായും കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. 2004ല്‍ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.