കാലിക പ്രസക്‌തമായ സിനിമ, സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം, പുത്തൻ നേട്ടത്തിൽ 'കാക്കിപ്പട'
കാക്കിപ്പട ഓസ്‌ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാർഡ്.
കാലിക പ്രസക്‌തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞത്. തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട.
കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാർഡ് നിർണ്ണയ സമിതികളെ ആകർഷിച്ചത്. എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ പൊലീസുകാർ തന്നെ തൂക്കിക്കൊല്ലുന്നതായിരുന്നു കാക്കിപ്പടയുടെ പ്രമേയം. ഷെജി വലിയകത്ത് നിർമ്മിച്ച കാക്കിപ്പട ഓസ്‌ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
മേലെ പറന്ന 'ഗരുഡൻ' താഴെ ഇറങ്ങിയോ ? സുരേഷ് ഗോപി ചിത്രം ഇതുവരെ നേടിയത് എത്ര?
നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി തുടങ്ങി വൻ താരനിര അണിനിരന്ന സിനിമയായിരുന്നു ഇത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ റീമേക്ക് അവകാശങ്ങള്‍ നേരത്തെ വിറ്റുപോയിരുന്നു. ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എസ് വി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെജി വലിയകത്ത് ആയിരുന്നു നിര്‍മ്മാണം.അതേസമയം, കാക്കിപ്പടയ്ക്ക് രണ്ടാം ഭാഗം വരുന്നുണ്ട്. സാമൂഹ്യപ്രശ്നങ്ങളിൽ ആഴ്ന്നിറങ്ങുന്ന ജനപ്രിയ പ്രമേയമാണ് പുത്തന്‍ വരവിലും സിനിമ പറയുക എന്ന് സംവിധായകന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..