കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരിക്കേറ്റത്. 

രോഹിത് വി എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം 'കള'യുടെ ടീസർ പുറത്തിറങ്ങി. 
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള. യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. 

പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ലൊക്കേഷൻ സ്റ്റിൽസ്, മോഷൻ പോസ്റ്റർ, ദേ ഇപ്പോൾ ടീസർ... നൽകുന്ന പ്രതീക്ഷ രോഹിത്ത് അണിയറയിൽ ഒരുക്കിവച്ചിരികുന്നത് ചെറുതൊന്നുമല്ല....ഇത് തീ പാറും' എന്നാണ് ഒരു ആരാധകന്റെ കമന്റ്. തിയറ്ററിൽ വരുന്നതിനായി കാത്തിരിക്കുന്നുവെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

തീയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഒരു വിഭാഗം സിനിമാപ്രേമികളില്‍ ചര്‍ച്ച സൃഷ്ടിച്ച സിനിമകളായിരുന്നു അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനും ഇബ്‍ലിസും.