തമിഴ് ഭാഷയില്‍ നെറ്റ്ഫ്ളിക്സിന്‍റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആണ് ഇന്ന് പുറത്തിറങ്ങിയ 'പാവ കഥൈകള്‍'. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കിയ നാല് ലഘു ചിത്രങ്ങള്‍ ചേര്‍ന്ന സിനിമാ സമുച്ചയമാണ് (Anthology) 'പാവ കഥൈകള്‍'. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ടീസറും ട്രെയ്‍ലറുമൊക്കെ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ന് പുറത്തെത്തിയ ചിത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നാല് സംവിധായകരും കേരളത്തിലും ഏറെ ആരാധകര്‍ ഉള്ളവരെങ്കിലും മലയാളികളെ സംബന്ധിച്ച് ചിത്രത്തോടുള്ള പ്രത്യേക കൗതുകം കാളിദാസ് ജയറാം ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു. 'സൂരറൈ പോട്ര്' സംവിധായിക സുധ കൊങ്കരയുടെ 'തങ്കം' എന്ന ചിത്രത്തിലാണ് കാളിദാസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കാളിദാസിന്‍റെ പ്രകടനത്തെക്കുറിച്ച് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഗൗതം മേനോന്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരും അതേ അഭിപ്രായം ആവര്‍ത്തിക്കുകയാണ്. 

പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്ലിന്‍, സായ് പല്ലവി എന്നിവരൊക്കെ എത്തുന്ന 'പാവ കഥൈകളി'ല്‍ ആദ്യദിനം ഏറ്റവുമധികം അഭിനന്ദനം ലഭിക്കുന്നത് കാളിദാസ് ജയറാമിനാണ്. സത്താര്‍ (തങ്കം) എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ആദ്യദിനം ചിത്രം കണ്ട തമിഴ് പ്രേക്ഷകര്‍ കാളിദാസിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്‍റെ പ്രകടനം തങ്ങളെ കരയിച്ചെന്നും ഇനിയും തമിഴ് സിനിമകളില്‍ അഭിനയിക്കണമെന്നും താരപുത്രന്‍ എന്ന ലേബലില്‍ നിന്ന് കാളിദാസ് ഈ കഥാപാത്രത്തിലൂടെ വിടുതല്‍ നേടിയെന്നുമൊക്കെ ട്വിറ്ററില്‍ പ്രേക്ഷക നിരൂപണങ്ങള്‍ ധാരാളമായാണ് എത്തിക്കൊണ്ടിരിക്കുന്നത്.