കാളിദാസ് ജയറാം ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് 'രജനി'. വിനില്‍ സ്‍കറിയ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ് ജയറാമിനെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററില്‍ ഗൗരവക്കാരനായിട്ടാണ് കാണുന്നത്.

മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസാണ് പുറത്തുവിട്ടത്. തമിഴില്‍ 'അവര്‍ പേയര്‍ രജനി' എന്നാണ് പേര്. ആര്‍ ആര്‍ വിഷ്‍ണുവാണ് ഛായാഗ്രാഹണം. നമിത പ്രമോദ് നായികയാകുന്ന രജനിയെന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റേബ മോണിക്ക എന്നിവരും വേഷമിടുന്നു.

View post on Instagram

യുവ താരങ്ങളില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'നക്ഷത്തിരം നകര്‍കിരത്' ആണ്. ചിത്രത്തില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയയായ ദുഷറ വിജയനുമായി കാളിദാസ് ജയറാം വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇവര്‍ക്കൊപ്പം തെന്നിന്ത്യയുടെ പ്രിയ നായിക അമലാ പോളും ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

പാ രഞ്‍ജിത്ത് ആണ് കാളിദാസ് ജയറാമിനെ നായകനാക്കി 'നക്ഷത്തിരം നകര്‍കിരത്' സംവിധാനം ചെയ്‍തത്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തി. എ കിഷോര്‍ കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിച്ചു. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. തിയറ്ററുകളില്‍ വൻ ഹിറ്റായില്ലെങ്കിലും കാളിദാസ് ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.

Read More: ചെയ്‍ത തെറ്റിന് മോഹൻലാലിനോട് മാപ്പ് പറഞ്ഞ് മത്സരാര്‍ഥികള്‍, വീഡിയോ പുറത്ത്