വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം

കമല്‍ ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും എത്തുന്ന ലോകേഷ് കനകരാജ് ചിത്രം 'വിക്ര'ത്തില്‍ കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ കാളിദാസ് ഉണ്ടെന്നും കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും കഥാപാത്രം അതുതന്നെയാണോ എന്നത് അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

'വിക്രം, കടല്‍ പോലെയുള്ള ഈ സിനിമയിലെ ഒരു തുള്ളി ആവുന്നതില്‍ വലിയ ആഹ്ളാദം. ആണ്ടവര്‍ കമല്‍ ഹാസന്‍ സാറിനൊപ്പം ഒരുമിക്കുന്നതില്‍ സന്തോഷം. ഈ അവസരത്തിന് ലോകേഷ് സാറിനോട് നന്ദി പറയുന്നു', കമല്‍ ഹാസനുമൊന്നിച്ചുള്ള ചിത്രത്തിനൊപ്പം കാളിദാസ് ട്വിറ്ററില്‍ കുറിച്ചു. കാളിദാസിനെ സ്വാഗതം ചെയ്‍ത് ലോകേഷ് കനകരാജും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

Scroll to load tweet…

വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. കമല്‍ ഹാസനും ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം നരെയ്‍നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. 

Scroll to load tweet…

അതേസമയം 'സര്‍പട്ട പരമ്പരൈ'യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കാളിദാസ് അഭിനയിക്കുന്നുണ്ടെന്നും നായകവേഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 'നച്ചത്തിരം നഗര്‍ഗിരത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ 'സര്‍പട്ട'യില്‍ നായികാ കഥാപാത്രമായ മാരിയമ്മയെ അവതരിപ്പിച്ച ദുഷറ വിജയന്‍ തന്നെയാവും നായിക. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona