Asianet News MalayalamAsianet News Malayalam

ഭാവിയില്‍ സംവിധായികയായേക്കാം, നിലവില്‍ ആസ്വദിക്കുന്നത് അഭിനയമെന്നും കല്യാണി പ്രിയദര്‍ശൻ

ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

Kalyani Priyadarshan is gaining confidence by the day
Author
Hyderabad, First Published Aug 13, 2019, 7:47 PM IST

സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് തെലുങ്ക് സിനിമയെ കുറിച്ച് തനിക്ക് വലിയ ബോധ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ടുവെന്നും കല്യാണി പ്രിയദര്‍ശൻ പറയുന്നു. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രിയദര്‍ശൻ ഇക്കാര്യം പറയുന്നത്.

ഒരു വര്‍ഷം മുമ്പ് ആയിരുന്നെങ്കില്‍ തെലുങ്ക് സിനിമയോ ഭാഷയോ എനിക്ക് എന്തെന്ന് വ്യക്തമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാൻ മെച്ചപ്പെട്ടുവെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും. ഒരു ദിവസം മലയാളം സിനിമയുടെ ഷൂട്ട്, അടുത്ത ദിവസം തമിഴ്, പിന്നീട് ഹൈദരബാദില്‍ വന്ന് തെലുങ്ക് സംസാരിക്കാൻ ശ്രമിക്കുന്നു, അങ്ങനെയായിരുന്നു. പക്ഷേ അത് ശീലമായതിനാല്‍ പിന്നീട് പ്രശ്‍നമില്ല- കല്യാണി പ്രിയദര്‍ശൻ പറയുന്നു. തെലുങ്ക് സിനിമ അതിന്റെ ഫോര്‍മുലയില്‍ നിന്ന് മാറുന്ന സമയത്ത് എത്തിയതില്‍ സന്തോഷമുണ്ട്. പുതിയ നല്ല പ്രൊജക്റ്റുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്.  കുറച്ചുവര്‍ഷം മുമ്പ് അങ്ങനെയായിരുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.. തെലുങ്ക് സിനിമ കണ്ടന്റിലും മേയ്‍ക്കും വ്യത്യസ്‍തമാണ്- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ല. പക്ഷേ സിനിമയുടെ ഏതെങ്കിലും വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ആര്‍കിടെക്ചറില്‍ ബിരുദം നേടി. പക്ഷേ കരിയര്‍ ആലോചിച്ചപ്പോള്‍ എല്ലാം സിനിമയായി. ക്യാമറയ്‍ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നേനെ. കുട്ടിക്കാലത്ത് എപ്പോഴും സെറ്റിലായിരുന്നു. ഞാൻ നടിയാകുമെന്ന് കരുതിയിരുന്നെങ്കില്‍ കൂടുതല്‍ പരിശീലനം നേടിയിരുന്നേനെ.  സ്വയം വിശ്വസിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുകയാണെന്ന് വിചാരിക്കുന്നു. ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

രണരംഗത്തില്‍ ഷര്‍വാനന്ദ് ആണ്  നായകൻ.  ചിത്രം തിരക്കഥയെഴുതുന്നതും സംവിധായകൻ സുധീര്‍ വര്‍മ്മയാണ്. ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.

അതേസമയം ശിവകാര്‍ത്തികേയൻ നായകനാകുന്ന ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി പ്രിയദര്‍ശൻ നായികയാകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios