കമല്‍ ഹാസന്‍റെ ഫിലിമോഗ്രഫിയിലെ 233-ാം ചിത്രം

കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിക്രം. കമല്‍ ഹാസന്‍ എന്ന താരത്തെ പുതുകാലത്തിന് അനുസൃതമായി അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആയിരുന്നു. പല ശ്രദ്ധേയ പ്രോജക്റ്റുകളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. അതിലൊന്നാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം. വിക്രം പോലെ ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ഇതും. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. ഗണ്‍ ഫൈറ്റില്‍ പരിശീലനം നേടുന്ന കമല്‍ ഹാസന്‍റെ വീഡിയോ രാജ് കമല്‍ ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്.

കമല്‍ ഹാസന്‍റെ ഫിലിമോഗ്രഫിയിലെ 233-ാം ചിത്രവും രാജ് കമല്‍ ഫിലിംസിന്‍റെ 152-ാം ചിത്രവുമാണ് ഇത്. പരിശീലകരുടെ സാന്നിധ്യത്തില്‍ ഉന്നം പിഴയ്ക്കാതെ വെടി വെക്കാന്‍ പരിശീലിക്കുന്ന കമല്‍ ഹാസനെ വീഡിയോയില്‍ കാണാം. അതേസമയം അജിത്ത് കുമാറിനെ നായകനാക്കി ഉള്ളതായിരുന്നു എച്ച് വിനോദിന്‍റെ അവസാന മൂന്ന് ചിത്രങ്ങള്‍. നേര്‍കൊണ്ട പാര്‍വൈ, വലിമൈ, തുനിവ് എന്നിവയായിരുന്നു അവ.

Scroll to load tweet…

അതേസമയം ഷങ്കറിന്‍റെ ഇന്ത്യന്‍ 2, നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍കി 2898 എഡി എന്നിവയും കമല്‍ ഹാസന്‍റേതായി വരാനുണ്ട്. മണി രത്നത്തിന്‍റെ സംവിധാനത്തിലും ഒരു കമല്‍ ചിത്രം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വന്‍ ബജറ്റില്‍ എത്തുന്ന കല്‍കി 2898 എഡിയില്‍ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, പശുപതി, ശാശ്വത ചാറ്റര്‍ജി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം കള്‍ട്ട് പദവി നേടിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗവും കമല്‍ ഹാസന്‍ ആരാധകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ്. 

ALSO READ : 'വെളച്ചിലെടുക്കല്ലേ'; വേറിട്ട പൊലീസ് സ്റ്റോറിയുമായി മമ്മൂട്ടി: 'കണ്ണൂര്‍ സ്ക്വാഡ്' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക