വിക്രത്തിന്‍റെ ആഗോള ഗ്രോസ് 400 കോടിക്ക് മുകളില്‍ ആയിരുന്നു

ബോക്സ് ഓഫീസില്‍ വലിയൊരു ഇടവേളയ്ക്കു ശേഷം കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു വിക്രം. ചിത്രം നേടിയ ആഗോള ഗ്രോസ് 400 കോടിക്ക് മുകളില്‍ ആയിരുന്നു. കമല്‍ ഹാസന്‍റെ ഒരു വിജയചിത്രം തിയറ്ററുകളില്‍ ആഘോഷിക്കാന്‍ സാധിച്ചിട്ടില്ലാത്ത പുതുതലമുറയ്ക്ക് അതിന് അവസരം ലഭിച്ച ചിത്രമായി ഇത്. സംവിധായകന്‍ ലോകേഷ് കനകരാജിനും കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സേതുപതിക്കും ഫഹദ് ഫാസിലിനുമൊക്കെ കരിയറില്‍ നേട്ടവുമായി വിക്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ വന്‍ വിജയത്തിനു പിന്നാലെ കമലിനെ കാണാനാവുക ബിഗ് സ്ക്രീനില്‍ അല്ല, മറിച്ച് മിനിസ്ക്രീനില്‍ ആണ്. ബിഗ് ബോസ് തമിഴിന്‍റെ സീസണ്‍ 6 ന്‍റെ അവതാരക വേഷത്തില്‍.

2017ല്‍ ആദ്യ സീസണ്‍ ആരംഭിച്ചതു മുതല്‍ തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍ കമല്‍ ഹാസന്‍ ആണ്. ഈ വര്‍ഷം ജനുവരി 16 ന് ആയിരുന്നു ബിഗ് ബോസ് തമിഴ് അഞ്ചാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ. രാജു ജയമോഹന്‍ ആയിരുന്നു ടൈറ്റില്‍ വിജയി. പ്രിയങ്ക ദേശ്പാണ്ഡെ ഫസ്റ്റ് റണ്ണര്‍ അപ്പും ആയി. ഇപ്പോഴിതാ സീസണ്‍ 6 ന്‍റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വിക്രം ട്രെയ്‍ലറിലെ തന്‍റെ വോയ്സ് ഓവര്‍ ഡയലോഗിന് സമാനമായ രീതിയിലാണ് കമല്‍ ഹാസന്‍ ബിഗ് ബോസ് സീസണ്‍ 6 നെ പ്രൊമോയില്‍ അവതരിപ്പിക്കുന്നത്. മത്സരാര്‍ഥികളുടെ സ്വഭാവത്തെ പല മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പൊതുസ്വഭാവവുമായി ചേര്‍ത്തുള്ളതാണ് രസകരമായ അവതരണം. ഒക്ടോബറിലാവും സീസണ്‍ 6 ന് തുടക്കമാവുക. വിജയ് ടെലിവിഷനിലും ഒപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തമിഴ് ബിഗ് ബോസ് കാണാം. പതിവുപോലെ ആരൊക്കെയാവും ഈ സീസണിലെ മത്സരാര്‍ഥികള്‍ എന്ന പ്രവചനം സോഷ്യല്‍ മീഡിയയില്‍ കാര്യമായി ആരംഭിച്ചിട്ടുണ്ട്.

ALSO READ : മലയാളികള്‍ സ്വീകരിച്ചോ 'ബ്രഹ്‍മാസ്ത്ര'? ആദ്യ രണ്ട് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയത്

Bigg Boss Tamil 6 - விரைவில்..