Asianet News MalayalamAsianet News Malayalam

'അടുത്ത വർഷം തമിഴ്നാട് ഇത് പിന്തുടരും': കെജ്രിവാളിനെ അഭിനന്ദിച്ച് കമല്‍ ഹാസന്‍

ദില്ലിയിലെ ജനങ്ങൾ പുരോഗമന രാഷ്ട്രീയത്തെ ഉൾക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ് എഎപിയുടെ വിജയമെന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

kamal haasan congratulates arvind kejriwal on delhi election
Author
Chennai, First Published Feb 12, 2020, 8:45 AM IST

ചെന്നൈ: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് ഭരണത്തുടർച്ച നേടിയ ആംആദ്മി പാർട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍. ദില്ലിയിലെ ജനങ്ങൾ പുരോഗമന രാഷ്ട്രീയത്തെ ഉൾക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ് എഎപിയുടെ വിജയമെന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

"ദില്ലി വീണ്ടും നേടിയതിന് അഭിനന്ദനങ്ങൾ അരവിന്ദ് കെജ്രിവാൾ ജി. ആം ആദ്മിക്ക് വോട്ട് ചെയ്ത് വിജയപ്പിച്ചതിലൂടെ ധാര്‍മികതയുള്ള ദില്ലിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു തന്നിരിക്കുകയാണ്. അടുത്ത വർഷം തമിഴ്നാട് ഇത് പിന്തുടരും. നമുക്ക് സത്യസന്ധതയിലേക്കും വളർച്ചയിലേക്കും പോകാം,"കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. #ReimagineThamizhNadu എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വീണ്ടും അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.

ആംആദ്മി പാർട്ടിക്ക് ആകെ പോൾ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചു. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്‌പിയാണ് വോട്ട് നിലയിൽ നാലാം സ്ഥാനത്ത്.

Follow Us:
Download App:
  • android
  • ios