Asianet News MalayalamAsianet News Malayalam

'തലവന്‍' ടീമിനെ അഭിനന്ദിച്ച് കമല്‍ ഹാസന്‍; കൂടിക്കാഴ്ച ചെന്നൈയില്‍

മെയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം

kamal haasan congratulates thalavan movie team
Author
First Published Jun 14, 2024, 11:46 AM IST

സമീപകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നെന്ന് അഭിപ്രായം നേടി തുടരുകയാണ് ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ. മെയ് 24 ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇപ്പോൾ സൂപ്പർ വിജയം നേടിയാണ് മുന്നേറുന്നത്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായും ഈ ചിത്രം മാറി. മലയാള സിനിമാ പ്രേമികളുടേയും ചലച്ചിത്ര പ്രവർത്തകരുടേയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ ചിത്രത്തിന് ഇപ്പോൾ കയ്യടിയുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ തമിഴ് സൂപ്പർ താരം കമൽ ഹാസനാണ്. തലവൻ ടീമിനെ രാജ്കമൽ ഫിലിംസന്റെ ചെന്നൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കമൽ ഹാസൻ അഭിനന്ദനം അറിയിച്ചത്.

ഇന്ത്യൻ സിനിമയിലെ ഈ വിസ്മയതാരത്തിന്റെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമപ്പുറം ഇനി മറ്റൊന്നും കിട്ടാനില്ലെന്നും തലവൻ ടീം പറയുന്നു. ബുധനാഴ്ച കമൽ ഹാസന്റെ സന്ദേശം വന്നയുടനെ തന്നെ ചെന്നൈയിലെത്തിയ തലവൻ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കണ്ടത്. ഷൂട്ടിങ് തിരക്കുകൾ മൂലം ബിജു മേനോന് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ നിറഞ്ഞ സന്തോഷം ബിജുവിനെ അറിയിക്കണമെന്ന് കമൽ ഹാസൻ തലവൻ ടീമിനെ ഓർമ്മിപ്പിച്ചു. ഉലകനായകനോടൊപ്പം ഒരു മേശക്ക് ചുറ്റുമിരുന്നു സന്തോഷം പങ്കുവെക്കുന്ന ആസിഫ് അലിയുടേയും തലവൻ ടീമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫ്യൂച്ചർ റൺ അപ് ഫിലിംസിന്റെ അനുപ് കുമാർ വഴിയാണ് തലവൻ ടീം കമൽ ഹാസനെ നേരിട്ട് കണ്ടത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

ALSO READ : ആ പ്രിയങ്കരനും എത്തി; ബിഗ് ബോസില്‍ റീ എന്‍ട്രികളുടെ ഘോഷയാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios