നായകന് ശേഷം കമല്‍ ഹാസനും മണി രത്നവും ആദ്യമായി ഒരുമിക്കുകയാണ് തഗ് ലൈഫിലൂടെ

ഉലകനായകന്‍ എന്നാണ് തമിഴ് സിനിമാപ്രേമികള്‍ കമല്‍ ഹാസന് പതിച്ചുകൊടുത്തിരിക്കുന്ന ടൈറ്റില്‍. അവരെ സംബന്ധിച്ച് പൂര്‍ണ്ണതയ്ക്കായുള്ള പ്രയത്നത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയുമൊക്കെ ആകെത്തുകയാണ് കമല്‍. ഇപ്പോഴിതാ മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് വീഡിയോ ശ്രദ്ധ നേടുകയാണ്. ​ഗംഭീരമെന്ന് ആദ്യ കാഴ്ചയില്‍ തന്നെ അനുഭവപ്പെടുത്തുന്ന വീഡിയോയില്‍ ഒറ്റ നോട്ടത്തില്‍ വെളിപ്പെടാത്ത ഒരു ബ്രില്യന്‍സും കമല്‍ ഹാസന്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.

ആകെ 2 മിനിറ്റ് 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനത്തെ 30 സെക്കന്‍ഡുകളിലാണ് ഈ ബ്രില്യന്‍സ്. കമല്‍ ഹാസന്‍റെ കഥാപാത്രമായ രംഗരായ ശക്തിവേല്‍ നായക്കൻ സ്വയം പരിചയപ്പെടുത്തുന്ന ഒരു ഷോട്ട് ആണ് അവിടെ. സ്വന്തം പേര് പറയുകയും അത് ഓര്‍ത്തുവച്ചോളാന്‍ ആവശ്യപ്പെടുന്നതും മാത്രമാണ് വീഡിയോയില്‍. ഇതിലെന്താണ് പ്രത്യേകതയെന്ന് തോന്നാം. എന്നാല്‍ ആ സിം​ഗിള്‍ ഷോട്ട് സൂക്ഷ്മമായി നോക്കിയാല്‍ മണി രത്നം ഇത് എങ്ങനെ സാധിച്ചുവെന്ന് അത്ഭുതം തോന്നാം. കമലിന്‍റെ നായക കഥാപാത്രം ധരിച്ചിരിക്കുന്ന ഷാള്‍ പിന്നില്‍ നിന്ന് കാറ്റില്‍ പറന്നുവരികയും അദ്ദേഹം രണ്ട് കൈ കൊണ്ടും അതില്‍ പിടിക്കുകയുമാണ്. ഒപ്പമാണ് സ്വയം പരിചയപ്പെടുത്തുന്ന ഡയലോ​ഗ് വരുന്നത്. ഡയലോ​ഗ് മുന്നില്‍ നിന്ന് പിന്നിലേക്ക് പറഞ്ഞാണ് കമല്‍ ഹാസന്‍ ഇത് സാധിച്ചിരിക്കുന്നത്. അങ്ങനെ ചിത്രീകരിച്ച ഷോട്ടില്‍ പിന്നീട് ഡബ്ബ് ചെയ്ത ഒറിജിനല്‍ ഡയലോ​ഗ് ചേര്‍ക്കുകയായിരുന്നു. 

Scroll to load tweet…

എന്നാല്‍ ഇത് ആദ്യമായല്ല ഈ സങ്കേതം ഉപയോ​ഗിച്ച് കമല്‍ ഒരു സീനില്‍ അഭിനയിച്ചിരിക്കുന്നത്. കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ മന്‍മഥന്‍ അമ്പ് എന്ന ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തില്‍ കമല്‍ ഹാസന്‍ ഇത്തരത്തിലാണ് ചുണ്ട് ചലിപ്പിച്ചത്. പിന്നിലേക്ക് വേ​ഗത്തില്‍ സഞ്ചരിക്കുന്ന ഒരു കാറിന്‍റെ ഡ്രൈവിം​ഗ് സീറ്റിലാണ് ഈ പാട്ട് സീനില്‍ കമല്‍. എന്നാല്‍ ​ഗാനം അദ്ദേഹം ശരിയായാണ് ആലപിക്കുന്നത്. ത​ഗ് ലൈഫ് ടൈറ്റില്‍ വീഡിയോ വന്നതിന് പിന്നാലെ കമല്‍ ഹാസന്‍ ആരാധകര്‍ ഈ ചിത്രത്തെക്കുറിച്ചും പറയുന്നുണ്ട്. 

Scroll to load tweet…

അതേസമയം നായകന് ശേഷം കമല്‍ ഹാസനും മണി രത്നവും ആദ്യമായി ഒരുമിക്കുകയാണ് തഗ് ലൈഫിലൂടെ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംഗീതം എ ആര്‍ റഹ്‍മാന്‍, ഛായാഗ്രഹണം രവി കെ ചന്ദ്രൻ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രഫി അൻപറിവ്, പ്രൊഡക്ഷൻ ഡിസൈനിംഗ് ശർമ്മിഷ്ഠ റോയ്, കോസ്റ്റ്യൂം ഡിസൈന്‍ ഏക ലഖാനി.

ALSO READ : മുന്നില്‍ ആര്? റിലീസ് ദിന കളക്ഷനില്‍ ഈ വര്‍ഷം ഞെട്ടിച്ച 6 ഇന്ത്യന്‍ സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക