അല്‍ഫോണ്‍സ് പുത്രന് കമല്‍ഹാസന്റെ സന്ദേശം, വീഡിയോ പുറത്ത്
സിനിമ ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കി നേരത്തെ രംഗത്ത് എത്തിയ അല്‍ഫോണ്‍സിനോട് കമല്‍ഹാസൻ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. എന്നാല്‍ അല്‍ഫോണ്‍സ് പുത്രൻ താൻ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണ് എന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആ പോസ്റ്റ് പിന്നീട് നീക്കിയെങ്കിലും സംവിധായകന്റെ കുറിപ്പ് ചര്‍ച്ചയായി മാറി. സംവിധായകൻ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ കമല്‍ഹാസൻ.
ഉലഗനായകൻ കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിനായി സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ അടുത്തിടെ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അല്‍ഫോണ്‍സിന് നന്ദി പറയുകയാണ് കമല്‍ഹാസൻ. ഇതിഹാസ നടനായ കമല്‍ഹാസന്റെ ശബ്‍ദമുള്ള വീഡിയോ നടൻ പാര്‍ഥിപൻ പങ്കുവെച്ചിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്റേത് ഊര്‍ജസ്വലമായ മനസാണെന്ന് പറഞ്ഞ കമല്‍ഹാസൻ ആരോഗ്യത്തില്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശിക്കുന്നു.
അദ്ദേഹം ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ്. ശബ്‍ദം ഉൻമേഷകരമാണ്. അതുപോലെ അദ്ദേഹം മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്. പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ അല്‍ഫോണ്‍ പുത്രൻ എന്നും പറയുന്നു കമല്‍ഹാസൻ.
അല്‍ഫോണ്‍സ് പുത്രൻ നേരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിവിൻ പോളി നായകനായ പ്രേമത്തിന്റെ സംവിധായകനായി അല്‍ഫോണ്‍സ് പ്രേക്ഷകരുടെ പ്രിയങ്കരനുമായി. എന്നാല്‍ അല്‍ഫോണ്‍സിന്റേതായി മൂന്നാമത് എത്തിയ ചിത്രം ഗോള്‍ഡിന് വിജയിക്കാനായില്ല. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡെന്ന ചിത്രത്തില്‍ നയൻതാര, മല്ലിക സുകുമാരൻ, ലാലു അലക്സ്, അജ്‍മല്‍ അമീര്‍, ശാന്തി കൃഷ്‍ണ, ജഗദീഷ്, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്, റോഷൻ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, അബു സലിം, പ്രേം കുമാര്‍, സുധീഷ്, ഷറഫുദ്ദീൻ, സിജു വില്‍സണ്‍, ജസ്റ്റിൻ ജോണ്‍, ജോര്‍ജ് അബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി.
Read More: വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക