വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്.
ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ വിക്രം(Vikram Movie). കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയിരിക്കുകയാണ് കമൽഹാസൻ. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയുമായി സിനിമ ചെയ്യാത്തിനെ പറ്റി നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മോഹൻലാലിനൊപ്പം ഒരുമിച്ച് സിനിമ ചെയ്ത കമൽ എന്തുകൊണ്ടാണ് ഇതുവരെ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാത്തത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'ഞാൻ ചിലപ്പോൾ നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും. അപ്പോൾ മമ്മൂട്ടി പറയും. ഇത് വേണ്ട കമൽ, ഇതിനെക്കാൾ നല്ല കഥ വരട്ടെ അപ്പോൾ ചെയ്യാം. അങ്ങനെ ആ കാത്തിരിപ്പ് നീളുകയാണ്', എന്നായിരുന്നു കമൽഹാസൻ നൽകിയ മറുപടി.
'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം
ജൂണ്‍ മൂന്നിനാണ് വിക്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. സൂര്യ കൂടി എത്തുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. നടന്റെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ചിലപ്പോൾ മൂന്നാം ഭാഗമുണ്ടാകുമെന്നും കമൽ ഹാസൻ അടുത്തിടെ പറഞ്ഞിരുന്നു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. 'അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയിൽ ഒരു അവസാന നിമിഷ അപ്പിയറൻസ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോൾ മൂന്നാം ഭാഗത്തിലേക്ക്' കമൽ ഹാസൻ പറഞ്ഞു.

വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
