തഗ് ലൈഫിന് ശേഷം കമൽഹാസന്റെ അടുത്ത ചിത്രം എസ്‌യു അരുൺകുമാർ സംവിധാനം ചെയ്യും. രാജ്‌കമൽ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പുരോഗമിക്കുന്നു. 

ചെന്നൈ: കമൽഹാസന്റെ അടുത്ത ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് മാറ്റം. ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷം കമൽഹാസന്റെ പുതിയ പ്രോജക്ടിന്റെ സംവിധാനം സംവിധായകൻ എസ്‌യു അരുൺകുമാർ ഏറ്റെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആദ്യം തഗ് ലൈഫിന് ശേഷം കമലിന്‍റെ അടുത്ത പടം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത് സ്റ്റണ്ട് കോറിയോഗ്രാഫർ ജോഡിയായ അന്‍ബറിവ് ആയിരുന്നു.

‘വീര ധീര സൂരൻ’, ‘ചിത്ത’, ‘സേതുപതി’, ‘പണ്ണൈയാറും പത്മിനിയും’ തുടങ്ങിയ വിജയചിത്രങ്ങൾ ഒരുക്കിയ എസ്‌യു അരുൺകുമാർ കമൽഹാസനുമായുള്ള ഈ പുതിയ സഹകരണത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് വിവരം. കമലിന്റെ നിർമ്മാണ കമ്പനിയായ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തിരക്കഥയുടെ അവസാന ഘട്ട ജോലികൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ കഥയോ മറ്റ് അഭിനേതാക്കളോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാൽ, അരുൺകുമാറിന്റെ മുൻ ചിത്രങ്ങള്‍ക്ക് പരിഗണിച്ച ശേഷം അരുണ്‍ കുമാറിന് കമല്‍ അവസരം നല്‍കുകയായിരുന്നു എന്നാണ് വിവരം. അൻബറിവ് സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന #KH237 എന്ന ചിത്രം ഉപേക്ഷിച്ചോ എന്ന് വ്യക്തമല്ല. ചിലപ്പോള്‍ ഉണ്ടായേക്കും എന്നാണ് ചില തമിഴ് എക്സ് ഹാന്‍റിലുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ അത് വൈകും, അതിനിടയിലാണ് അരുണ്‍ കുമാറിന്‍റെ ചിത്രം എത്തുക എന്നും വിവരമുണ്ട്.

ഇന്ത്യന്‍ 2, തഗ് ലൈഫ് ചിത്രങ്ങളുടെ തിരിച്ചടിക്ക് ശേഷം കമൽഹാസൻ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതില്‍ എസ്എ അരുണ്‍ കുമാറിന്‍റെ ചിത്രം ഉതകുമോ എന്നാണ് സിനിമ പ്രേമികള്‍ ഉറ്റുനോക്കുന്നത്.