കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ് രാജ്യം. കൊവിഡ് പ്രതിരോധത്തിന്റെ ബോധവത്‍ക്കരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് ഒട്ടനവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ചിലര്‍ ജനതാ കര്‍ഫ്യുവിനെ പരിഹസിക്കുകയും ചെയ്‍തിരുന്നു. അതേസമയം ജനതാ കര്‍ഫ്യുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രസിഡന്റുമായ കമല്‍ഹാസൻ. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്ക്കാൻ കമല്‍ഹാസൻ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്‍തു.

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനതാ കര്‍ഫ്യൂവിനായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്‍തത്. 22ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഒമ്പത് വരെ ആരും പുറത്തിറങ്ങരുത് എന്നായിരുന്നു പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിനാണ് പിന്തുണയുമായി കമല്‍ഹാസൻ രംഗത്ത് എത്തിയത്. ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്‍ക്കുന്നു. ഇങ്ങനെയുള്ള അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ എടുക്കണം. വലിയൊരു ദുരന്തം നമുക്ക് മേല്‍ വരാതിരിക്കാൻ ഒന്നുചേരാം, പുറത്തിറങ്ങാതിരിക്കാം. നമുക്ക് സുരക്ഷിതമായി നില്‍ക്കാം. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്‍ക്കാൻ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്‍ഹാസൻ പറഞ്ഞു.