വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം

പാന്‍ ഇന്ത്യന്‍ സിനിമകളുടെ ഇക്കാലത്ത് ഇതരഭാഷാ താരങ്ങളെ അഭിനയിപ്പിക്കുന്നത് സാധാരണയാണ്. എന്നാല്‍ അത് നേരത്തേ മുതല്‍ ഉള്ളതുമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ഇത്തരത്തില്‍ ഏറ്റവുമധികം ഇതരഭാഷാ താരങ്ങള്‍ എത്തിയിട്ടുള്ളത് തമിഴില്‍ ആണ്. മലയാളി താരങ്ങള്‍ എത്രയോ പ്രശസ്ത തമിഴ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പ്രശസ്ത ചിത്രത്തിന്‍റെ ഒറിജിനല്‍ പതിപ്പ് യുട്യൂബില്‍ എത്തിയിരിക്കുകയാണ്.

മമ്മൂട്ടി, അജിത്ത് കുമാര്‍, തബു, ഐശ്വര്യ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രമാണ് യുട്യൂബില്‍ എത്തിയിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് 2000 മെയ് 5 ന് ആയിരുന്നു. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു ആയിരുന്നു നിര്‍മ്മാണം. അദ്ദേഹം തന്നെയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു ദിവസം മുന്‍പ് എത്തിയ ചിത്രം ഇതിനകം 2 ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രകടനത്തിനുള്‍പ്പെടെ കൈയടികളാണ് കമന്‍റ് ബോക്സില്‍.

മിന്‍സാര കനവ് എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ താരനിര കൊണ്ട് റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അബ്ബാസ്, മണിവണ്ണന്‍, ശ്രീവിദ്യ, രഘുവരന്‍, ശാമിലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റിന്‍റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റീസ് എന്ന കൃതിയെ ആസ്പദമാക്കിയ ചിത്രത്തിന്‍റെ തിരക്കഥയും രാജീവ് മേനോന്‍റേത് ആയിരുന്നു. സുജാതയുടേതായിരുന്നു സംഭാഷണം. പ്രേക്ഷകപ്രീതി നേടിയ ചിത്രം സാമ്പത്തിക വിജയമായിരുന്നു. 100 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. പുതുതലമുറ സിനിമാപ്രേമികള്‍ക്ക് സിനിമ കാണാനുള്ള വലിയ അവസരമാണ് എത്തിയിരിക്കുന്നത്.

ALSO READ : തുടര്‍പരാജയങ്ങള്‍, പക്ഷേ തെലുങ്കില്‍ ഒന്നാമന്‍ ആ താരം! അല്ലു മൂന്നാമത്; ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാര്‍

Kandukondain Kandukondain Full Movie | Mammootty | Ajith | Tabu | Aishwarya Rai | AR Rahman | Rajiv