ഏപ്രിൽ 14നാണ് കെജിഎഫ് രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടി തിറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ് കെജിഎഫ് 2(KGF 2). വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്താണ് യാഷ്(Yash) ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്. സിനിമ റിലീസായതിന് പിന്നാലെ യാഷിനെയും സംവിധായകൻ പ്രശാന്ത് നീലിനെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. യാഷിനെ കുറിച്ച് ബോളിവുഡ് താരം കങ്കണ(Kangana Ranaut) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമിതാ ബച്ചനൊപ്പമാണ് യാഷിനെ കങ്കണ ഉപമിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം എന്നാണ് യാഷിന്റെ ചിത്രം പങ്കുവച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചത്. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യതയാണ് യഷ് നികത്തുന്നതെന്നും കങ്കണ കുറിക്കുന്നു.
രാം ചരൺ, അല്ലു അർജുൻ, എൻടിആർ ജൂനിയർ, യാഷ് എന്നിവരുടെ ചിത്രങ്ങൾ പങ്കുവച്ച്, ദക്ഷിണേന്ത്യയിലെ സൂപ്പർ താരങ്ങൾ അവരുടെ സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതെന്നും കങ്കണ മറ്റൊരു സ്റ്റോറിയിൽ കുറിച്ചു.
ഏപ്രിൽ 14നാണ് കെജിഎഫ് രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാഗവും വരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, വെറും നാല് ദിവസം കൊണ്ട് 546 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ പല റെക്കോര്‍ഡുകളും കടപുഴക്കിയാണ് 'കെജിഎഫ്' മുന്നേറുന്നത്. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം 'ഒടിയ'ന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് 'കെജിഎഫ് 2' ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്‍ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നത്.
'500 രൂപ പ്രതിഫലത്തിൽ തുടങ്ങിയ അഭിനയം, ഒറ്റപ്പെടുത്തിയ ബന്ധുക്കൾ'; യഷ് പറയുന്നു
ചെറിയൊരു നഗരത്തിൽ നിന്നുള്ളവരാണ് എന്റെ അച്ഛനും അമ്മയും. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമാ മേഖല ശാശ്വതമായൊരു വരുമാനം നൽകുമെന്ന് അവർ വിശ്വസിക്കാത്തതായിരുന്നു കാരണം. ഞാനുമായി അടുത്ത് നിന്നവർ ആ സമയങ്ങളിൽ അകന്ന് പോയിട്ടുണ്ട്. കുട്ടിക്കാലത്തും അങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്നും ഞാൻ ബഹുമാനിക്കുക ആണ്. ഇന്ന് പ്രേക്ഷകർ മാത്രമാണ് എന്റെ ബന്ധുക്കൾ. അവർ ഒരിക്കലും ആരുടെയും പക്ഷം ചേർന്ന് സംസാരിക്കാറില്ല. പ്രേക്ഷകർ അല്ലാത്തവർ നമ്മുടെ ജീവിതത്തിൽ ആവശ്യങ്ങൾക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. എപ്പോഴും എനിക്കൊപ്പം നിന്ന സുഹൃത്തുക്കൾ ഉണ്ട്. അതിൽ ഞാൻ സന്തോഷവാനാണ്. വളരെ പ്രാക്ടിക്കൽ ആയി സംസാരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇന്നെന്റെ ബന്ധുക്കളെ ഞാൻ സ്വീകരിക്കാറുണ്ട്.
ടിവി സീരിയലുകളിലൂടെയാണ് ഞാൻ ആദ്യമായി പ്രതിഫലം വാങ്ങുന്നത്. ദിവസവും 500 രൂപയായിരുന്നു അന്നെന്റെ ശമ്പളം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാൽ അതൊക്കെ നിരസിച്ചു. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു. ആ സമയത്ത് അത്രയും കാശ് ആർക്കും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കിട്ടിയ പൈസയൊക്കെ തുണികൾ വാങ്ങാനാണ് ഞാൻ ഉപയോഗിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ വസ്ത്രങ്ങളൊക്കെ നമ്മൾ തന്നെ വാങ്ങണമായിരുന്നു. എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാർ വാങ്ങുവാൻ പലരും എന്നോട് പറഞ്ഞു. അപ്പോഴും ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്. എന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നതായിരുന്നു. ഞാൻ പിന്നീട് വലിയൊരു കാർ വാങ്ങിയക്കൊള്ളാം, ഇപ്പോൾ കുറച്ച് നല്ല തുണികൾ ഇട്ടോട്ടെയെന്ന് അവർക്ക് മറുപടിയും നൽകിയിരുന്നു.
