നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തിയ രാഷ്ട്രീയ സിനിമ എമര്‍ജന്‍സി ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്നത് നിരോധിച്ചു. 

ദില്ലി: നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തിയ രാഷ്ട്രീയ സിനിമ എമര്‍ജന്‍സി ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധം സുഖകരമല്ലാത്തതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. 

1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പാശ്ചത്തലത്തില്‍ എടുത്ത ചിത്രമാണ് എമര്‍ജന്‍സി. 

"ബംഗ്ലാദേശിലെ എമര്‍ജന്‍സിയുടെ സ്‌ക്രീനിംഗ് നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുമായി ബന്ധപ്പെട്ടതാണ്. നിരോധനം സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാറിന് ചില മുന്‍ധാരണകളുണ്ടെന്നാണ് വിവരം " ഒരു വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു. 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു. ഏറെ നാളത്തെ താമസത്തിന് ശേഷം ജനുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. 

ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചത് വലിയ വാര്‍ത്തയായി. 

പിന്നീട് കഴിഞ്ഞ മാസം സിനിമ നിർമ്മാതാക്കൾ മൂന്ന് കട്ടുകള്‍ വരുത്തുകയും, ചിത്രത്തിലെ ചില വിവാദ ചരിത്ര പ്രസ്താവനകള്‍ ഫാക്ട്ചെക്ക് ചെയ്യണമെന്ന വ്യവസ്ഥയിലാണ് സിബിഎഫ്‌സിയുടെ പരിശോധനാ സമിതി ചിത്രത്തിന് 'യുഎ' സർട്ടിഫിക്കേഷന്‍ നല്‍കിയത് എന്നാണ് വിവരം. കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. 

കീര്‍ത്തിയും ടീമും പൊങ്കല്‍ ആഘോഷത്തില്‍, സര്‍പ്രൈസായി ദളപതിയുടെ എന്‍ട്രി- വീഡിയോ വൈറല്‍

ഓയോയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ബോളിവുഡ് താരങ്ങള്‍