മുംബൈ: രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോളിയെയും മുംബൈ പൊലീസ് വിളിച്ചുവരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 26, 27 തീയതികളില്‍ ഇരുവരോടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ആഴ്ചയാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ട്വീറ്റിലൂടെ കങ്കണ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആരോപിച്ച് കാസ്റ്റിംഗ് ഡയറക്ടറാണ് പരാതി നല്‍കിയത്. പരാതിക്കാരന്റെ ആക്ഷേപം വിദഗ്ധര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു കങ്കണ. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് മുംബൈയെക്കുറിച്ച് നടി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പാക് അധീന കശ്മീരിന് തുല്യമാണ് മുംബൈയെന്നായിരുന്നു നടിയുടെ പ്രസ്താവന. പിന്നീട് മുംബൈ കോര്‍പ്പറേഷന്‍ നടിയുടെ ഓഫിസ് കൈയേറ്റം ആരോപിച്ച് പൊളിച്ചുനീക്കിയത് വിവാദമായി. കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് കര്‍ഷകര്‍ നടത്തിയ സമരത്തെ കങ്കണ തള്ളിപ്പറഞ്ഞതും വിവാദമായിരുന്നു.