Asianet News MalayalamAsianet News Malayalam

വീട്ടിൽ വെള്ളവും വൈദ്യുതിയും എത്തുന്നത് കൊണ്ട് രാഷ്ട്രീയം പറയാതിരിക്കില്ല; രൺബീർ കപൂറിനെ വിമർശിച്ച് കങ്കണ റണാവത്ത്

ഇൻഡസ്ട്രിയിൽ രൺബീർ കപൂറിനെ പോലെയുള്ള നടൻമാരുണ്ട്. രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടില്ലാത്തവർ. എന്തായാലും ഞാൻ അത്തരത്തിലുള്ള ആളല്ല- വിമര്‍ശനവുമായി കങ്കണ റണാവത്ത്.

Kangana Ranaut Slams Ranbir Kapoor over his Comment On Politics
Author
Mumbai, First Published Mar 4, 2019, 3:51 PM IST

മുംബൈ: നടൻ രൺബീർ കപൂറിനെ രൂക്ഷമായി വിമർശിച്ച് നടി കങ്കണ റണാവത്ത്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ വിഷയങ്ങളിൽ രൺബീർ കപൂർ വ്യക്തമായ നിലപാടെടുക്കുന്നില്ലെന്ന് കങ്കണ ആരോപിച്ചു.  ‘മണികർണിക ദ ക്വീൻ ഓഫ്​ ഝാൻസി’ എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. 

രാഷ്​ട്രീയത്തിൽ പ്രവേശിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തി​ന്റെ ഭാ​ഗമാകാനോ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കങ്കണയുടെ പ്രതികരണം. രാഷ്​ട്രീയത്തിൽ പ്രവേശിക്കാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമാകാനോ തൽകാലം ഉദ്ദേശിക്കുന്നില്ല. ‌ആളുകൾ വിചാരിക്കുന്നത് എനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആ​ഗ്രഹമുണ്ടെന്നാണ്. പക്ഷെ അത് ശരിയല്ലെന്ന് കങ്കണ പറഞ്ഞു.   

ഇൻഡസ്ട്രിയിൽ രൺബീർ കപൂറിനെ പോലെയുള്ള നടൻമാരുണ്ട്. രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടില്ലാത്തവർ. വീട്ടിൽ മുടങ്ങാതെ വെള്ളവും വൈദ്യുതിയും എത്തുന്നുണ്ട്. പിന്നെന്തിന് ഞാൻ രാഷ്ട്രീത്തെക്കുറിച്ച് സംസാരിക്കണമെന്നായിരുന്നു ഒരു അഭിമുഖത്തിൽ രൺബീർ പറഞ്ഞത്. നിങ്ങൾ ആഡംബര വസതിയിൽ താമസിക്കുകയും മേഴ്സിഡസ് ബെൻസിൽ പോകുകയും ചെയ്യുന്ന നാടാണിത്. ഈ രാജ്യത്ത് ജീവിക്കുന്നവർ എന്ന നിലയ്ക്ക് നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നത്. എന്തായാലും ഞാൻ അത്തരത്തിലുള്ള ആളല്ല. ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടികളെയും പിന്തുടരില്ല. കാരണം രാഷ്ട്രീയം തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് 2018ൽ നൽകിയ മറ്റൊരു അഭിമുഖത്തിൽ രൺബീർ കപൂർ പറഞ്ഞിരുന്നതായും ക​ങ്കണ കൂട്ടിച്ചേർത്തു. 

രാഷ്ട്രീയത്തിലും രാജ്യത്തെ മറ്റ് വിഷയങ്ങളിലും നിരന്തരം ഇടപെടുന്നത് അഭിനയ ജീവിതത്തെ ബാധിക്കില്ലെ എന്ന ചോദ്യത്തിനും കങ്കണ മറുപടി നൽകി. രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അഭിനയ ജീവിതത്തെ ബാധിക്കുമെങ്കിൽ അതിൽ തനിക്കൊരു പ്രശ്നവുമില്ല. എനിക്കും വീട്ടിൽ വെള്ളവും വൈദ്യുതിയും മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്​. അതിനാൽ ഞാൻ പൊതുകാര്യങ്ങളിൽ പ്രതികരിക്കാതിരിക്കില്ല. രൺബീറിനെ പോലുള്ളവരുടെ നിലപാടുകൾ മാറണം, മാധ്യമങ്ങൾ അത് മാറ്റണം. 

രാജ്യത്തെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളൊരിക്കലും അകന്ന് നിൽക്കരുത്. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാർ എങ്ങനെ ഭരണം കാഴ്ച വയ്ക്കുന്നതെന്നടക്കമുള്ള കാര്യങ്ങൾ പൗരൻമാർ അറിഞ്ഞിരിക്കണം. യുവാക്കളെന്ന നിലയിൽ നിങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ തുറന്ന് പറയണം. എല്ലാ സൗകര്യങ്ങളും ലഭിക്കുന്നത് കൊണ്ട് രാഷട്രീയം പറയാനില്ലെന്ന് പറയരുത്. എനിക്കറിയില്ല, എന്തുകൊണ്ടാണ് ആളുകൾ അവരുടെ കരിയറിൽ മാത്രം ഒതുങ്ങി പോകുന്നതെന്ന്. അവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലെയെന്നും കങ്കണ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios