ബോളിവുഡ് താരം കങ്കണയുടെ ജന്മദിനമാണ് (Kangana Ranaut birthday) ഇന്ന്. 


ബോളിവുഡില്‍ മിന്നും പ്രകടനം കൊണ്ടുമാത്രമല്ല വിവാദ പ്രസ്‍താവനകള്‍ കൊണ്ടും എന്നും വാര്‍ത്തകളില്‍ നിറയുന്ന താരം കങ്കണ റണൗട്ടിന്റെ ജന്മദിനമാണ് ഇന്ന്. വിജയകരമായ കരിയര്‍ തുടരുമ്പോള്‍ തന്നെ ചില വിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ കങ്കണയെ വിവാദത്തിലാക്കിയിട്ടുണ്ട്. കങ്കണയെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ പോലും അവരുടെ പ്രകടനത്തെ അഭിനന്ദിക്കാറുമുണ്ട്. നിലവില്‍ പ്രതിഫലത്തില്‍ അടക്കം മുൻനിരയിലുള്ള നായികമാരില്‍ ഒരാളാണ് കങ്കണ റണൗട്ട് (Kangana Ranaut birthday).

ബ്രാൻഡ് എൻഡോഴ്‍സ്‍മെന്റാണ് കങ്കണയുടെ വരുമാനത്തില്‍ അധിക പങ്ക്. 3-3.5 കോടി രൂപയാണ് ഒരു പരസ്യത്തിന് കങ്കണ പ്രതിഫലമായി സ്വീകരിക്കുന്നത്. മൊത്തം ആസ്‍തിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. മുംബൈ, മണാലി എന്നിവടങ്ങളില്‍ വസ്‍തുവകകളും കങ്കണ സ്വന്തമാക്കിയിട്ടുണ്ട്. മണാലിയില്‍ കങ്കണ റണൗട്ടിന്റെ മന്ദി ഹൗസിന് ഏകദേശം 30 കോടി രൂപയിലധികം വിലമതിക്കും. മുംബൈയില്‍ 2017ല്‍ കങ്കണ 20 കോടിയലധികം മുടക്കിയും മൂന്ന് നില കെട്ടിടം സ്വന്തമാക്കിയിരുന്നു. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് ആദ്യ ആഢംബര വാഹനം സ്വന്തമാക്കിയത്. ബിഎംഡബ്യു 7 സീരീസിലെ വാഹനം 2008ല്‍ വാങ്ങിക്കുമ്പോള്‍ 1.35 കോടി മുതല്‍ 2.44 കോടി വരെയായിരുന്നു എക്സ് ഷോറൂം വില. മെഴ്‍സിഡസ് ബെൻസ് അടക്കമുള്ള വാഹനങ്ങള്‍ കങ്കണയ്‍ക്ക് സ്വന്തമായിട്ടുണ്ട്.

കങ്കണ നിലവില്‍ സിനിമ നിര്‍മാതാവായും സജീവമാണ്. മണികര്‍ണിക ഫിലിംസ് എന്നതാണ് കങ്കണയുടെ പ്രൊഡക്ഷൻ കമ്പനി. 48 കോടി രൂപയോളം മുടക്കിയാണ് കങ്കണ തന്റെ ഓഫീസും സ്റ്റുഡിയോയും സജ്ജീകരിച്ചിരിക്കുന്നത്. ടികു വെഡ്‍സ് ഷേരു സിനിമയാണ് കങ്കണയുടെ നിര്‍മാണത്തില്‍ ഇനി വരാനുള്ളത്.

ബോളിവുഡില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന നായികമാരില്‍ ഒരാളുമാണ് കങ്കണ റണൗട്ട്. 15 മുതല്‍ 17 കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് കങ്കണ വാങ്ങുന്നത് എന്ന് ട്രേഡ് എക്സ്‍പേര്‍ട് അതുല്‍ മോഹൻ പറയുന്നു. ജയലളിതയുടെ ജീവചരിത്ര സിനിമയായ 'തലൈവി'ക്കായി കങ്കണ ആവശ്യപ്പെട്ടത് 21 - 22 കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

നാടക രംഗത്തിലൂടെ അഭിനയം തുടങ്ങിയ കങ്കണയുടെ ആദ്യ ചിത്രം 2006ലെ 'ഗാംഗ്സ്റ്റര്‍' ആയിരുന്നു. കങ്കണ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയമറിയുന്ന നടി എന്ന് പേരെടുക്കുകയും തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്‍തു. സ്‍ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ വിജയിപ്പിക്കുക വഴി ശ്രദ്ധ നേടി. 'ക്വീൻ', 'തനു വെഡ്‍സ് മനു റിട്ടേണ്‍സ്', 'മണികര്‍ണിക: ദ ക്വീൻ ഓഫ് ജാൻസി', 'പങ്ക' എന്ന ചിത്രങ്ങളിലൂടെ 2014ലും 2015ലും 2019ലും മികച്ച നടിയായി ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 'ഫാഷൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. പത്മശ്രീ നല്‍കി രാജ്യം കങ്കണയെ ആദരിച്ചിട്ടുണ്ട്. 'തേജസ്' എന്ന ചിത്രമാണ് കങ്കണയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.