'അതാണ് ശരി'; ക്ലാഷിൽ ട്വിസ്റ്റ് ഉണ്ടോ? 'വേട്ടൈയനൊ'പ്പം 'കങ്കുവ' എത്തില്ലെന്ന പ്രചരണത്തിൽ സൂര്യയുടെ പ്രതികരണം
ഒക്ടോബര്‍ 10 ആയിരുന്നു രണ്ട് ചിത്രങ്ങളുടേതുമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതി
സോളോ റിലീസ് എന്നത് ഇന്ന് ഏത് ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തിന്‍റെ നിര്‍മ്മാതാവും ആഗ്രഹിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നടക്കാനിരുന്ന ഒരു ക്ലാഷ് റിലീസ് സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവയും രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയനും ഒരേ ദിവസം എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 10 ആയിരുന്നു രണ്ട് ചിത്രങ്ങളുടേതുമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതി. ഇതില്‍ ഒക്ടോബര്‍ 10 എന്ന തീയതി ആദ്യം പ്രഖ്യാപിച്ചത് കങ്കുവയുടെ അണിയറക്കാര്‍ ആയിരുന്നു. എന്നാല്‍ ഈ ക്ലാഷ് സംഭവിക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.
കങ്കുവയാണ് വേട്ടൈയനുവേണ്ടി വഴിമാറുക. സൂര്യ തന്നെയാണ് ഇക്കാര്യം ഒരു വേദിയില്‍ പറഞ്ഞത്. കാര്‍ത്തിയെ നായകനാക്കി സി പ്രേം കുമാര്‍ സംവിധാനം ചെയ്ത് താന്‍ നിര്‍മ്മിക്കുന്ന മെയ്യഴകന്‍റെ ഓഡിയോ ലോഞ്ച് വേദിയില്‍ വച്ചാണ് സിനിമാപ്രേമികളുടെ മനസില്‍ ഏറെ നാളായുള്ള ചോദ്യത്തിന് സൂര്യ മറുപടി പറഞ്ഞത്. രജനി ചിത്രത്തിനുവേണ്ടി തങ്ങള്‍ കങ്കുവ നീട്ടിവെക്കുകയാണെന്ന് സൂര്യ പറഞ്ഞു.
"ഒക്ടോബര്‍ 10ന് വേട്ടൈയന്‍ വരികയാണ്. ഞാന്‍ ജനിക്കുന്ന സമയത്ത് സിനിമയില്‍ വന്നയാളാണ് അദ്ദേഹം (രജനികാന്ത്). കഴിഞ്ഞ 50 വര്‍ഷമായി നമ്മുടെ തമിഴ് സിനിമയുടെ അടയാളമാണ് അദ്ദേഹം. ഒക്ടോബര്‍ 10 ന് അദ്ദേഹത്തിന്‍റെ പടം വരുന്നതാണ് ശരിയെന്ന് ഞാന്‍ കരുതുന്നു. നിങ്ങളും എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. കങ്കുവ ഒരു കുഞ്ഞ് ആണ്. അത് ജനിക്കുന്ന ദിവസം അതൊരു ആഘോഷമാക്കുന്നതിന് നിങ്ങള്‍ എനിക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ എപ്പോഴും വേണം", സൂര്യ പറഞ്ഞു. കങ്കുവയ്ക്ക് പിന്നിലുള്ള അധ്വാനത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു- "രണ്ടര വര്‍ഷത്തിലധികമായി ആയിരം പേരിലധികം തമിഴ് സിനിമയ്ക്ക് ഒരു സ്പെഷല്‍ സിനിമ കൊടുക്കണമെന്നാഗ്രഹിച്ച് രാപ്പകലില്ലാതെ അധ്വാനിക്കുന്നു. ആ അധ്വാനം പാഴാവരുതെന്ന് ഞാന്‍ കരുതുന്നു", സൂര്യയുടെ വാക്കുകള്‍. അതേസമയം ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി എപ്പോഴായിരിക്കുമെന്നത് സൂര്യ പറഞ്ഞിട്ടില്ല.
ALSO READ : നാട്യങ്ങളില്ലാത്ത ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍; 'ഭരതനാട്യം' റിവ്യൂ