ഇന്നലെ രാത്രിയോടെയാണ് ജെഎൻയുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക പദുകോൺ മടങ്ങിയത്.
ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന് നന്ദി അറിയിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. റാലിയില്‍ നേരിട്ടെത്തിയ ദീപികയുടെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടാണ് കനയ്യ ട്വീറ്റ് ചെയ്തത്.
‘ഐക്യദാര്‍ഢ്യത്തിനും പിന്തുണക്കും നന്ദി എല്ലാ ഭാവുകങ്ങളും. ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷേ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓർമ്മിക്കും‘കനയ്യ കുമാർ ട്വീറ്റ് ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് ജെഎൻയുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക പദുകോൺ മടങ്ങിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിനുള്ളിൽ മുഖംമൂടി അക്രമം നടന്നത്. ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു.
