സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവീനോ തോമസും കനി കുസൃതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'വഴക്ക്' എന്നാണ് ചിത്രത്തിന്‍റെ പേര്. കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

കനിക്കും ടൊവീനോയ്ക്കുമൊപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ടൊവീനോ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവുമാണ്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. 

കാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമെന്നാണ് അറിയുന്നത്. റാന്നിയും പെരുമ്പാവൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. കാണെക്കാണെ, കള എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ നായകനാവുന്ന സിനിമയാണിത്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കയറ്റ'മായിരുന്നു സനല്‍കുമാര്‍ ശശിധരന്‍റെ അവസാന ചിത്രം.