കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ ഡയറക്ട് റിലീസ് ആയി എത്തുന്ന ചിത്രങ്ങളുടെ പേരുവിവരങ്ങള്‍ ആമസോണ്‍ പ്രൈം നേരത്തെ പ്രഖ്യാപിച്ചതാണ്. സൂഫിയും സുജാതയും എന്ന മലയാളത്തിലെ ആദ്യ ഒടിടി ഡയറക്ട് റിലീസും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‍ചയായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ഇപ്പോഴിതാ കന്നഡ സിനിമയിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസും സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ് ആമസോണ്‍ പ്രൈം. രഘു സമര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് 'ലോ' (Law) എന്നാണ്. ഈ മാസം 17നാണ് റിലീസ്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടു.

പിആര്‍കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പുനീത് രാജ്‍കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഒരു ലീഗല്‍ ത്രില്ലര്‍ ആണെന്നാണ് കരുതപ്പെടുന്നത്. പുതുമുഖം രാഗിണി ചന്ദ്രന്‍ അവതരിപ്പിക്കുന്ന നന്ദിനി എന്ന വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രം പിന്തുടരുന്നത്. മുഖ്യമന്ത്രി ചന്ദ്രു, സിരി പ്രഹ്ളാദ്. അച്യുത് കുമാര്‍, സുധാറാണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

സുഗ്‍ണാന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീകാന്ത് ആണ്. സംഗീതം വാസുകി വൈഭവ്. രണ്ട് തമിഴ് ചിത്രങ്ങള്‍ക്കും (പൊന്മകള്‍ വന്താല്‍, പെന്‍ഗ്വിന്‍) ഒരു മലയാളം ചിത്രത്തിനും (സൂഫിയും സുജാതയും) ശേഷമാണ് ആമസോണ്‍ പ്രൈം ഒരു കന്നഡ ചിത്രവും ഡയറക്ട് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.