നവാഗതനായ മുകേഷ് കുമാര്‍ സിംഗ് ആണ് സംവിധാനം
ഇതരഭാഷകളില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളുടെ അതിഥിവേഷങ്ങള്‍ കൊണ്ടുകൂടി പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് തെലുങ്കില്‍ നിന്നുള്ള കണപ്പ. വിഷ്ണു മഞ്ചു നായകനായ ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും പ്രാധാന്യമുള്ള അതിഥിവേഷങ്ങളില്‍ എത്തുന്നുണ്ട്. എപിക് ഡിവോഷണല്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം മുകേഷ് കുമാര്‍ സിംഗ് ആണ്. ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം ഭക്തിയുടെ പശ്ചാത്തലമുള്ള ഒന്നാണ്. വിഷ്ണു മഞ്ചു തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്റ്ററി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ഒരു ബോക്സ് ഓഫീസ് ഇതര സാമ്പത്തിക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിലൂടെ നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്‍റെ ഹിന്ദി സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 കോടിക്കാണ് ഈ ഡീല്‍ സംഭവിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്ക് മാധ്യമങ്ങളും ടോളിവുഡ് ട്രേഡ് അനലിസ്റ്റുകളും ഈ തുക സ്ഥിരീകരിക്കുന്നുണ്ട്. ഒരു വിഷ്ണു മഞ്ചു ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ജൂണ്‍ 27 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് കണ്ണപ്പയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്‍പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെല്‍ഡണ്‍ ചൗ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സ്റ്റീഫന്‍ ദേവസ്സിയാണ് സംഗീത സംവിധാനം. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.

