'ജോര്‍ജ് മാര്‍ട്ടിനും' സംഘവും ഇനി ഒടിടിയിലേക്ക്; 'കണ്ണൂര്‍ സ്ക്വാഡ്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി നായകനായ പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന. ആദ്യദിനം മികച്ച പ്രേക്ഷകാഭിപ്രായവും ഓപണിംഗുമായി ആരംഭിച്ച ചിത്രം ഒരു മാസത്തിനിപ്പുറവും മികച്ച തിയറ്റര്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. നവംബര്‍ 17 ന് ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ബോക്സ് ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് ചിത്രം 85 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്‍റെ ആകെ ബിസിനസ് 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
പൊലീസില്‍ ഉണ്ടായിരുന്ന യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ഏറെ പൊലീസ് വേഷങ്ങള്‍ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ അതില്‍ നിന്നെല്ലാം വേറിട്ട പ്രകടനമായിരുന്നു കണ്ണൂര്‍ സ്ക്വാഡില്‍. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ജോര്‍ജും സംഘവും ഒരു പ്രതിയെ പിടിക്കാന്‍ ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സഞ്ചാരവും അവിടെ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിതത്വങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട് നിര്‍ണയിക്കുന്നത്.
ALSO READ : മോഹന്‍ലാലിന് വീണ്ടും ആക്ഷനും കട്ടും പറയാന്‍ വി എ ശ്രീകുമാര്‍; ചിത്രീകരണം പാലക്കാട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക