ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1' തിയേറ്ററുകളിൽ വൻ വിജയമായി. ആഗോളതലത്തിൽ 813 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാവും.
തെന്നിന്ത്യൻ സിനിമയുടെ ദൃശ്യ വിസമയമായി മാറിയ ഋഷഭ് ഷെട്ടി ചിത്രം 'കാന്താര ചാപ്റ്റർ 1' തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം ആഗോളതലത്തില്‍ 813 കോടി രൂപയാണ് ഇതുവരെ നേടിയത്. ആയിരം കോടി കളക്ഷൻ നേട്ടം സ്വന്തമാക്കാനിരിക്കെ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്‍ത 'കാന്താര'യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ രണ്ടിനാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്‍ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്.
ഒടിടിയിൽ എവിടെ കാണാം?
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒക്ടോബർ 31 മുതലാണ് ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാവും. 2024-ല്‍ 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി. ദീപാവലിക്ക് കാന്താര ആകെ 11 കോടിയോളം നേടിയെന്നാണ് ഏകദേശ കണക്കുകള്‍. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.



