2025 ഒക്ടോബർ 2 ന് കാന്താരയുടെ തുടർച്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ദളപതി വിജയിയുടെ 69-ാം ചിത്രവും ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നതിനാൽ ബോക്സ് ഓഫീസിൽ ഒരു വലിയ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്.

ബെംഗലൂരു: രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരെ ത്രസിപ്പിച്ച 2022 ലെ ചിത്രമാണ് കാന്താര. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു.ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയുടെ റിലീസ് തിയ്യതി പ്രഖ്യാപനം വലിയ വാര്‍ത്തയാണ് ഇപ്പോള്‍. സംവിധാനം ഋഷഭ് ഷെട്ടി തന്നെ നിര്‍വഹിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2നായിരിക്കും റിലീസാകുക.

ചിത്രം കാന്തരയുടെ പ്രീക്വല്‍ ആയിരിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ നല്‍കുന്ന സൂചന. കെജിഎഫ്, സലാര്‍ പോലുള്ള വന്‍ പടങ്ങള്‍ ഒരുക്കിയ ഹോംബാല ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അതേ സമയം തന്നെ ഈ ചിത്രം വന്‍ ക്ലാഷിനായിരിക്കും സാക്ഷിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ദളപതി വിജയ് നായകനാകുന്ന അദ്ദേഹത്തിന്‍റെ അവസാന ചിത്രം ഒക്ടോബറില്‍ തന്നെ റിലീസാകും. ദീപാവലിയാണ് വിജയ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ മുന്നില്‍ കാണുന്നതെങ്കിലും കാന്തരയുടെ റിലീസ് ഡേറ്റും ഇവരുടെ മനസില്‍ ഉണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള വിവരം വിവിധ ട്രാക്കര്‍മാര്‍ എക്സിലും മറ്റും പങ്കുവച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള നിര്‍മ്മാണ കമ്പനി കെവിഎന്‍ പ്രൊഡക്ഷനാണ് ദളപതി 69 നിര്‍മ്മിക്കുന്നത്. കാന്താരയും ഒരു കന്നഡ‍ ചിത്രമാണ് അതിനാല്‍ ഈ ക്ലാഷ് അപൂര്‍വ്വം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കാന്തരയെപ്പോലെ ദളപതി ചിത്രം ഇതുവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ സൂചനകള്‍ പ്രകാരം കാന്താര 2 വുമായി ക്ലാഷിന് സാധ്യതയുണ്ടെന്നാണ് വിവരം. 

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് താല്‍കാലികമായി ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം. എച്ച്. വിനോദാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ബോബി ഡിയോള്‍, മമ്ത ആടക്കം വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

YouTube video player

കാന്താര രണ്ടില്‍ ആരൊക്കെ ഉണ്ടാകും?, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ഋഷഭ് ഷെട്ടി

'വാ പൊളിച്ച് കണ്ടിരിക്കും': 'കങ്കുവ' പ്രമോഷനില്‍ ട്രോളായ കാര്യത്തില്‍ സൂര്യയുടെ വിശദീകരണം