Asianet News MalayalamAsianet News Malayalam

'കപ്പേള'യുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍

കന്നഡ ചിത്രം 'ഗരുഡ ഗമന വൃഷഭ വാഹന'യുടെ തമിഴ് റീമേക്ക് അവകാശവും ഗൗതം മേനോന്‍ വാങ്ങിയിരുന്നു

kappela tamil remake rights bagged by gautham vasudev menon
Author
Thiruvananthapuram, First Published Jan 5, 2022, 12:26 AM IST

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ 2020 മലയാളചിത്രം 'കപ്പേള'യുടെ (Kappela) തമിഴ് റീമേക്ക് അവകാശം (tamil remake right) സ്വന്തമാക്കി സംവിധായകന്‍ ഗൗതം മേനോന്‍ (Gautham Vasudev Menon). 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു. അടുത്തിടെ ശ്രദ്ധേയ കന്നഡ ചിത്രം 'ഗരുഡ ഗമന വൃഷഭ വാഹന'യുടെ തമിഴി റീമേക്ക് അവകാശവും ഗൗതം മേനോന്‍ വാങ്ങിയിരുന്നു.

കൊവിഡ് ആദ്യ തരംഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമായിരുന്നു കപ്പേള. അതിനാല്‍ത്തന്നെ മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയപ്പോഴേക്ക് ചിത്രത്തിന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി എത്തിയതോടെ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടി. മറുഭാഷാ ചലച്ചിത്രപ്രവര്‍ത്തകര്‍ അടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിത്താര എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സ് ആണ് റീമേക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖയാണ് തെലുങ്കില്‍ എത്തുന്നത്.

അതേസമയം ചിലമ്പരശന്‍ നായകനാവുന്ന 'വെന്ത് തനിന്തത് കാടി'ന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഗൗതം മേനോന്‍ നിലവില്‍. ഇത് പൂര്‍ത്തിയാക്കിയതിനു ശേഷമാവും റീമേക്ക് ചിത്രങ്ങളുടെ പണിപ്പുരയിലേക്ക് അദ്ദേഹം കടക്കുക. കപ്പേളയിലെ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകം പകരുന്ന കാര്യമാണ്. 

Follow Us:
Download App:
  • android
  • ios