മുംബൈ: സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികള്‍ക്ക് വീണ്ടും ആണ്‍കുഞ്ഞ്. ഇന്ന് പുലർച്ചെയാണ് കരീന തന്‍റെ രണ്ടാമത്തെ കു‍ഞ്ഞിന് ജന്മമേകിയത്. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഇന്ന് രാവിലെ (ഫെബ്രുവരി 21) കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' എന്നായിരുന്നു വാക്കുകൾ.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തനിക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ സിനിമയില്‍ ഇക്കാലത്ത് നടി അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. കൂടാതെ സെയ്ഫ് അലി ഖാന്റെ ഫോണ്‍ ഭൂത് എന്ന സിനിമയുടെ സെറ്റിലും കരീനയെത്തിയിരുന്നു.