ധനുഷ് നായകനാവുന്ന ജഗമേ തന്തിരം മുന്‍നിശ്ചയപ്രകാരം ഇന്ന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലുമാണ്.

കൊവിഡിനെത്തുടര്‍ന്നുള്ള ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമാവ്യവസായം നിശ്ചലാവസ്ഥയിലാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനൊപ്പം ചിത്രീകരണമുള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. വേനലവധി എല്ലാ ഭാഷാചിത്രങ്ങളെയും സംബന്ധിച്ച് പ്രധാന സീസണായിരുന്നു. പല ബിഗ് റിലീസുകളും റിലീസ് മുടങ്ങിക്കിടക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രത്തിന്‍റെ സംവിധായകന്‍ അതേക്കുറിച്ച് പ്രതികരിക്കുകയാണ്. തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ മുടങ്ങിപ്പോയ റിലീസിനെക്കുറിച്ച് പറയുന്നത്.

അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം, ധനുഷ് നായകനാവുന്ന ജഗമേ തന്തിരം മുന്‍നിശ്ചയപ്രകാരം ഇന്ന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലുമാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു, "നശിച്ച ഈ വൈറസ് ഇല്ലായിരുന്നുവെങ്കില്‍ ഇന്നായേനെ നമ്മുടെ ജഗമേ തന്തിരം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. എന്തായാലും നല്ലതിനുവേണ്ടി പ്രതീക്ഷിക്കാം". നമ്മുടെ ജഗം (ലോകം) രോഗമുക്തി നേടിയതിന് ശേഷമെന്നും ഉടന്‍ തീയേറ്ററുകളിലേക്കെന്നും പോസ്റ്ററില്‍ ആലേഖനവുമുണ്ട്.

പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റേതായി എത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധനുഷിന്‍റെ കരിയറിലെ 40-ാം ചിത്രമാണിത്. ഐശ്വര്യലക്ഷ്മിയാണ് നായിക. ലണ്ടന്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. സഹനിര്‍മ്മാണം റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്.