പുതിയ റിലീസ് തീയതി പിന്നാലെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു സിനിമ കൂടി റിലീസ് നീട്ടി. ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' (Karnan Napoleon Bhagat Singh) എന്ന ചിത്രമാണ് റിലീസ് മാറ്റിവച്ചത്. തിയറ്ററുകള്‍ പൂട്ടുന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ട 'സി കാറ്റഗറി'യിലേക്ക് നാല് ജില്ലകളെക്കൂടി ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. തിരുവനന്തപുരത്തിനു പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളും നിലവില്‍ സി കാറ്റഗറിയിലാണ്.

സി കാറ്റഗറിലിയേക്ക് കൂടുതല്‍ ജില്ലകള്‍ വരുന്നതോടെ നിരവധി സ്ക്രീനുകള്‍ നഷ്‍ടപ്പെടും എന്നതിനാലാണ് റിലീസ് നീട്ടുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും. നവാഗതനായ ശരത്ത് ജി മോഹന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ധീരജ് ഡെന്നി നായകനാവുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ആദ്യ പ്രസാദ് ആണ്. ഇന്ദ്രന്‍സ്, ജോയ് മാത്യു, നന്ദു, വിജയകുമാര്‍, റോണി ഡേവിഡ് രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫസ്റ്റ് പേജ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് ആണ് നിര്‍മ്മാണം. ശരത്ത് ജി മോഹന്‍റേത് തന്നെയാണ് രചനയും. സംഗീതം രഞ്ജിന്‍ രാജ്, ഛായാഗ്രഹണം പ്രശാന്ത് കൃഷ്‍ണ, എഡിറ്റിംഗ് റെക്സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം സമീറ സനീഷ്, കൊറിയോഗ്രഫി ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, സൗണ്ട് മിക്സിംഗ് വിപിന്‍ വി നായര്‍, ട്രെയ്‍ലര്‍ കട്ട്സ് ഡോണ്‍ മാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംജി എം ആന്‍റണി.