അവസാന 10 ഓവറില്‍ കര്‍ണാടകയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 59 ബോളില്‍ 101 റണ്‍സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്‍ഡോസേഴ്സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സീസണിലെ രണ്ടാം വിജയം പ്രതീക്ഷിച്ചെത്തിയ ചെന്നൈ റൈനോസിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടകം ജയം പിടിച്ചെടുത്തത്. ടോസ് നേടിയ കര്‍ണാടകം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് കളിക്കാനിറങ്ങിയ ചെന്നൈ റൈനോസ് നിശ്ചിത 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എടുത്തു. 29 ബോളില്‍ 32 റണ്‍സ് എടുത്ത വിക്രാന്തും 13 ബോളില്‍ 20 റണ്‍സ് എടുത്ത രമണയുമായിരുന്നു ടോപ്പ് സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടകത്തിനും ആദ്യ ഇന്നിംഗ്സില്‍ കാര്യമായ ലീഡിലേക്കൊന്നും എത്താനായില്ല. നിശ്ചിത 10 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 109 റണ്‍സ് ആണ് അവര്‍ നേടിയത്. ഓപണിംഗ് ബാറ്റിംഗിന് ഇറങ്ങിയ കൃഷ്ണ 33 ബോളില്‍ 62 റണ്‍സും പ്രദീപ് 27 ബോളില്‍ 46 റണ്‍സും നേടി. രണ്ടാം ഇന്നിംഗ്സ് കളിക്കാനിറങ്ങിയ ചെന്നൈ വിഷ്ണു വിശാലിന്‍റെയും പൃഥ്വിയുടെയും ബാറ്റിംഗ് വെടിക്കെട്ടോടെ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. വിഷ്ണു വിശാല്‍ 19 ബോളില്‍ 32 റണ്‍സ് നേടിയപ്പോള്‍ പൃഥ്വി 9 ബോളില്‍ 24 റണ്‍സും നേടി. ഇതോടെ ചെന്നൈ പിടിച്ച ലീഡ് 100 റണ്‍സിന്‍റേത് ആയിരുന്നു. 

അവസാന 10 ഓവറില്‍ കര്‍ണാടകയ്ക്ക് ജയിക്കാന്‍ 59 ബോളില്‍ 101 റണ്‍സ് ആണ് വേണ്ടിയിരുന്നത്. ജയിക്കാന്‍ 2 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഘട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും 8.1 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ കര്‍ണാടകം വിജയം കണ്ടു. 18 ബോളില്‍ 57 റണ്‍സ് എടുത്ത ബച്ചനും 23 ബോളില്‍ 33 റണ്‍സ് എടുത്ത ജയറാം കാര്‍ത്തിക്കുമാണ് കര്‍ണാടകത്തിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അതേസമയം ഇന്നത്തെ മത്സരങ്ങളില്‍ ബംഗാള്‍ ടൈഗേഴ്സ് ഭോജ്പുരി ദബാംഗ്സുമായും കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസുമായും ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. 

ALSO READ : വീണ്ടും റിലീസ് പെരുമഴ; ഈ വാരം തിയറ്ററുകളില്‍ 7 മലയാളം ചിത്രങ്ങള്‍

CCL 2023 LIVE - Karnataka Bulldozers vs Chennai Rhinos | Match 10 #A23Rummy #HappyHappyCCL