ർഷക സമരത്തിന് പിന്തുണയുമായി തമിഴ് സിനിമാ താരം കാർത്തി. 'നമ്മുടെ കർഷകരെ മറക്കരുത്' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുണയറിയിച്ചത്. കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ കർഷകർ ഇരിക്കുന്നുവെങ്കിൽ അത് ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി കുറിച്ചു. 

"തങ്ങളുടെ വയലുകളിൽ അധ്വാനിക്കുകയും ദിവസേന ഞങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന കർഷകർ ഇപ്പോൾ ഒരാഴ്ചയായി റോഡിൽ പ്രതിഷേധിക്കുകയാണ്. കൊടും തണുപ്പും കൊവിഡ് ഭീതിയും വകവെക്കാതെ അവർ തെരുവിൽ സമരം ചെയ്യുന്നുവെങ്കിൽ അത് ഒറ്റ വികാരത്തിന് പുറത്തുമാത്രമാണ്, കൃഷിക്കാരൻ. കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യം, പ്രകൃതി ദുരന്തങ്ങൾ, അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതിരിക്കുക എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുമെന്നും അതിനാൽ ബില്ലുകൾ പിൻവലിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു" കാര്‍ത്തി ട്വീറ്റ് ചെയ്തു.

അതേസമയം, ദില്ലി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ കഴിഞ്ഞ ദിവസം വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു. അടുത്ത ചർച്ച ഡിസംബർ അഞ്ചിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. തുറന്ന മനസ്സോടെ ചർച്ച തുടരുമെന്നാണ് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞിരിക്കുന്നത്.