'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ജഗമേ തന്തിരം'. ധനുഷ് നായകനാവുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ നാല്‍പതാം ചിത്രമായതിനാല്‍ 'ഡി 40' എന്നാണ് ഇതുവരെ പരാമര്‍ശിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ പേരും പുറത്തുവിട്ടത്.

മോഷന്‍ പോസ്റ്റര്‍ ആണെങ്കിലും ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. ധനുഷിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോജു ജോര്‍ജ് അടക്കമുള്ളവരെയും മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നായികയെ അവതരിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മി ഇതില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഇറ്റാലിയന്‍ ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചി പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ച 'അന്ത്യ അത്താഴ'ത്തിന്റെ മാതൃകയിലാണ് സുബ്ബരാജ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 'ഗെയിം ഓഫ് ത്രോണ്‍സി'ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലൈയരശനും കഥാപാത്രമായെത്തുന്നു. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമെന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സംഘട്ടനം ദിനേശ് സുബ്ബരായന്‍. സഹനിര്‍മ്മാണം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്. തമിഴിനൊപ്പം തെലുങ്ക് പതിപ്പും മെയ് ഒന്നിന് തീയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.