വന്‍ വിജയം നേടിയ ജയിലറിന് ശേഷം രണ്ട് ചിത്രങ്ങളാണ് രജനികാന്തിന്‍റേതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്

രജനികാന്തിന്‍റെ താരപരിവേഷത്തെ സമീപവര്‍ഷങ്ങളില്‍ ഏറ്റവുമധികം ആഘോഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്‍റെ പേട്ട. രജനിയുടെ സ്ക്രീന്‍ ഇമേജിനെ പുതുകാലത്തിന്‍റെ അഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു. പേട്ടയ്ക്ക് ശേഷം ഈ സംവിധായക- താര കോമ്പിനേഷന്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ടോ? അതിന് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 

വന്‍ വിജയം നേടിയ ജയിലറിന് ശേഷം രണ്ട് ചിത്രങ്ങളാണ് രജനികാന്തിന്‍റേതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ടി ജെ ജ്ഞാനവേലിന്‍റെ വേട്ടൈയനും ലോകേഷ് കനകരാജിന്‍റെ കൂലിയും. ഇതില്‍ വേട്ടൈയന്‍റെ ചിത്രീകരണം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. ഇതിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം രജനി ലോകേഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൂലിക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജും രജനിയും വീണ്ടും ഒന്നിക്കാന്‍ സാധ്യതയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രജനികാന്തിന്‍റെ വലിയ ആരാധകനായ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഫാന്‍ ബോയ് ട്രിബ്യൂട്ട് എന്ന് വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു പേട്ട.

അതേസമയം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍. 

ALSO READ : തമിഴിലെ വിജയചിത്രം; 'അറണ്‍മണൈ 4' ഒടിടിയില്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം