കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സിനിമാ സീരിയൽ ഷൂട്ടിങ്ങും ടിവി പരിപാടികളും ഒക്കെ നിർത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തിൽ താരങ്ങൾ എല്ലാവരും വീട്ടിനുള്ളിൽ വിശ്രമ വേളകൾ ആനന്ദകരമാക്കുകയുമാണ്. ഹാൻഡ് വാഷിം​ഗ് ചലഞ്ചുമായി നിരവധി താരങ്ങൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.

അത്തരത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട് കുറച്ച് പൊടിക്കൈകളൊക്കെ പറഞ്ഞ് തരാനെത്തിയിരിക്കുകയാണ് ബോളിവുഡിൻ്റെ പ്രിയതാരം കത്രീന കൈഫ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ അടുക്കളയിൽ പാത്രം കഴുകുന്നതിൻ്റെ വീഡിയോയാണ് കത്രീന ഷെയർ ചെയ്തിരിക്കുന്നത്. 

വീട്ടിൽ ഒരുപാട് വെള്ളം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാമെന്ന് വീഡിയോയിലൂടെ ആരാധകരോട് പറഞ്ഞുകൊടുക്കുകയാണ് താരം. സെൽഫ് ഐസൊലേഷനായി നമ്മെ വീടും ഒരുപാട് സഹായിക്കാറുണെന്നും അനിയത്തി ഇസബെല്ലയ്ക്ക് മടിയായതിനാൽ താൻ വീട്ടിലെ പണികൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും കത്രീന പറയുന്നു.
 
അതുകൊണ്ട് കുറച്ച് പ്രൊഫഷണൽ ട്യൂട്ടോറിയൽ ആകാമെന്ന് വിചാരിച്ചെന്നും താരം വീഡിയോയിൽ പറയുന്നു. തുടർന്നാണ് അധികം ജലം പാഴാക്കാതെ എങ്ങനെ ഫലപ്രദമായി പാത്രങ്ങൾ കഴുകാമെന്ന് കാട്ടിതരുന്നത്. വീഡിയോയ്ക്ക് ആരാധകർക്കൊപ്പം സിനിമാ താരങ്ങളും കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.