മുംബൈ ജെഡബ്ല്യു മാരിയട്ട് ഹോട്ടലില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു നടി

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ചതിനും തെലുങ്ക് ചലച്ചിത്ര താരം കാവ്യ ഥാപറിനെതിരെ (Kavya Thapar) കേസ്. മുംബൈ ജുഹു പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. 

മുംബൈ ജെഡബ്ല്യു മാരിയട്ട് ഹോട്ടലില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷം സ്വന്തം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാവ്യ ഥാപര്‍. ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. മദ്യപിച്ചുകൊണ്ടാണ് കാവ്യ വാഹനമോടിച്ചതെന്നും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് ജുഹു പൊലീസ് സ്റ്റേഷനിലെ നിര്‍ഭയ സ്ക്വാഡ് ആണ് സ്ഥലത്തെത്തിയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിന്‍റെ കോളറില്‍ കാവ്യ പിടിച്ചുവെന്നും അപമര്യാദയായി സംസാരിച്ചുവെന്നും പൊലീസ് പറയുന്നു. ബലപ്രയോഗത്തില്‍ വനിതാ കോണ്‍സ്റ്റബിള്‍ താഴെ വീണെന്നും. അശ്രദ്ധമായ ഡ്രൈവിംഗിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് ഐപിസി, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റുകള്‍ പ്രകാരം നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അന്ധേരിയിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കാവ്യ ഥാപ്പറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു. ബൈക്കുള വനിതാ ജയിലിലാണ് നടി ഇപ്പോള്‍. തത്കാല്‍ എന്ന ഹിന്ദി ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയരംഗത്തെത്തിയ കാവ്യയുടെ ആദ്യ ചിത്രം തെലുങ്കില്‍ 2018ല്‍ പുറത്തിറങ്ങിയ ഈ മായ പേരേമിതോയാണ്. 2019ല്‍ പുറത്തിറങ്ങിയ മാര്‍ക്കറ്റ് രാജ എംബിബിഎസ് ആയിരുന്നു തമിഴ് സിനിമാ അരങ്ങേറ്റം. തെലുങ്കില്‍ ഏക് മിനി കഥ എന്ന ചിത്രത്തിലും അഭിനയിച്ചു.

വ്യാജ മരണ വാര്‍ത്ത, രൂക്ഷമായി പ്രതികരിച്ച് നടി മാല പാര്‍വതി