Asianet News MalayalamAsianet News Malayalam

ആദ്യചിത്രം റിലീസായത് മറ്റൊരു ഓഗസ്റ്റ് 27ന്; നൗഷാദിന്‍റെ വിയോഗത്തിലെ യാദൃശ്‍ചികത ഓര്‍ത്ത് സുഹൃത്തുക്കള്‍

കോളെജില്‍ നൗഷാദിന്‍റെ സീനിയര്‍ ആയിരുന്നു ബ്ലെസ്സി

kazhcha was released on another august 27th remembers friends of producer naushad
Author
Thiruvananthapuram, First Published Aug 27, 2021, 2:55 PM IST

സിനിമാ നിര്‍മ്മാതാവ് എന്ന നിലയില്‍ രംഗത്തെത്തുന്നതിനു മുന്‍പേ സിനിമാ മേഖലയില്‍ ധാരാളം സുഹൃത്തുക്കളെ നേടിയ ആളായിരുന്നു അന്തരിച്ച നൗഷാദ്. പാചക കലയിലെ കൈപ്പുണ്യമായിരുന്നു പല പ്രശസ്‍തരുമായുമുള്ള സുഹൃദ്‍ബന്ധങ്ങളിലേക്കുള്ള നൗഷാദിന്‍റെ പാലം. മുന്‍കൂട്ടി നിശ്ചയിച്ചതൊന്നുമായിരുന്നില്ല അദ്ദേഹത്തെ സംബന്ധിച്ച് സിനിമാ നിര്‍മ്മാണം എന്ന മേഖല. സിനിമയിലെ പല പ്രമുഖരുമായും നേരത്തേ അടുപ്പമുണ്ടായിരുന്നെങ്കിലും ആദ്യചിത്രം 'കാഴ്ച'യുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത് ബ്ലെസിയുമായുള്ള കോളെജ് കാലം മുതലുള്ള പരിചയവും സൗഹൃദവും ആയിരുന്നു.

കോളെജില്‍ നൗഷാദിന്‍റെ സീനിയര്‍ ആയിരുന്നു ബ്ലെസ്സി. പി പദ്‍മരാജനൊപ്പം അസിസ്റ്റന്‍റ് ആയി സിനിമാജീവിതം തുടങ്ങിയ ബ്ലെസ്സി ദീര്‍ഘകാലം അസിസ്റ്റന്‍റ്, അസോസിയേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് ആദ്യചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാവുന്ന വ്യത്യസ്‍തതയുള്ള ചിത്രം ഒരുക്കുമ്പോള്‍ നിര്‍മ്മാതാവിന്‍റെ റോളില്‍ പിന്തുണയുമായെത്തിയത് നൗഷാദ് ആയിരുന്നു. മലയാളസിനിമയില്‍ ഒരു മാറ്റത്തിന്‍റെ കാലം കൂടിയായിരുന്നു അത്. സൂപ്പര്‍താര ചിത്രങ്ങളുടെ ഉള്ളടക്കങ്ങള്‍ ആവര്‍ത്തനം കൊണ്ട് ചെടിപ്പിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്ന കാലത്താണ് 'കാഴ്ച' എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി ഒരുക്കിയ 'ഉദയനാണ് താര'വും ഇതേ കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ്. 

kazhcha was released on another august 27th remembers friends of producer naushad

 

പ്രേക്ഷകര്‍ക്ക് വ്യത്യസ്‍ത അനുഭവം സമ്മാനിച്ച 'കാഴ്ച' പതിയെയാണ് മികച്ച മൗത്ത് പബ്ലിസിറ്റി നേടി വിജയയാത്ര ആരംഭിച്ചത്. പ്രധാന സെന്‍ററുകളില്‍ അന്‍പതും നൂറുമൊക്കെ ദിനങ്ങള്‍ പിന്നിട്ട് ചിത്രം നേട്ടം കൊയ്‍തു. ഒരുപാട് റിപ്പീറ്റ് ഓഡിയന്‍സും ചിത്രത്തിനുണ്ടായി. തിയറ്റര്‍ വിജയത്തിനൊപ്പം നിരവധി പുരസ്‍കാരങ്ങളും ചിത്രത്തെ തേടിയെത്തി. അത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡില്‍ അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കിയ കാഴ്ച ഫിലിംഫെയര്‍ അവാര്‍ഡിലും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിലുമൊക്കെ നേട്ടമുണ്ടാക്കി. എന്‍ എക്സ് വിഷ്വല്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ നൗഷാദിന്‍റെ നിര്‍മ്മാണ പങ്കാളി ആയത് സേവി മനോ മാത്യു ആയിരുന്നു. നൗഷാദ്, സേവി എന്നിവരുടെ പേരിന്‍റെ ആദ്യാക്ഷരങ്ങളില്‍ നിന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഒറ്റയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സംരംഭങ്ങളായും ചട്ടമ്പിനാട്, ബെസ്റ്റ് ആക്റ്റര്‍, ലയണ്‍, സ്‍പാനിഷ് മസാല, പയ്യന്‍സ് എന്നീ ചിത്രങ്ങളും നൗഷാദ് നിര്‍മ്മിച്ചു. പ്രിയസുഹൃത്തിന്‍റെ വേര്‍പാടിന്‍റെ ഈ വേളയില്‍ സിനിമയിലെ ഉറ്റ സുഹൃത്തുക്കളെ നൊമ്പരപ്പെടുത്തുന്ന ഒരു യാദൃശ്ചികത കൂടിയുണ്ട്. നിര്‍മ്മാതാവ് എന്ന നിലയില്‍ നൗഷാദിന്‍റെ അരങ്ങേറ്റമായിരുന്നു 'കാഴ്ച' റിലീസ് ചെയ്യപ്പെട്ടത് മറ്റൊരു ഓഗസ്റ്റ് 27ന് ആയിരുന്നു. 2004 ഓഗസ്റ്റ് 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios